പ്രഫ.എച്ച്. വെങ്കടേശ്വര്ലുവിെന്റ വിയോഗം അക്കാദമിക ലോകത്തിന് തീരാനഷ്ടം -കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി
text_fieldsപെരിയ: വൈസ് ചാന്‍സലര്‍ പ്രഫ.എച്ച്. വെങ്കടേശ്വര്‍ലുവിന്റെ ഓർമകളുമായി കേരള കേന്ദ്ര സർവകലാശാലയും അക്കാദമിക് സമൂഹവും. സർവകലാശാലയില്‍ നടന്ന അനുശോചന യോഗത്തില്‍ അക്കാദമിക് ലോകവും സർവകലാശാല കുടുംബാംഗങ്ങളും അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിച്ചു. സർവകലാശാലയുടെ സര്വ്വതോന്മുഖമായ വികസനത്തിന് പ്രഫ. വെങ്കടേശ്വര്‍ലു സ്വീകരിച്ച നടപടികളും എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ടുനയിച്ചതും അധ്യാപകരും ജീവനക്കാരും ഓര്‍ത്തെടുത്തു.
കേരള കേന്ദ്ര സർവകലാശാലക്ക് മാത്രമല്ല, അക്കാദമിക ലോകത്തിനാകെ തീരാ നഷ്ടമാണ് പ്രഫ. വെങ്കടേശ്വര്‍ലുവിന്റെ വിയോഗമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ദീര്‍ഘവീക്ഷണവും ഉറച്ച ബോധ്യവും പ്രായോഗിക സമീപനവും അദ്ദേഹത്തിനുണ്ടായിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതില്‍ നിർണായക പങ്കുവഹിച്ചു. വഴിത്തിരിവായി മാറിയ ‘ജ്ഞാനോത്സവം 2023’ പോലുള്ള വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. സർവകലാശാലയെ ഉയരങ്ങളിലെത്തിച്ചുവെന്നും ഡോ. സുഭാസ് സര്‍ക്കാര്‍ അനുസ്മരിച്ചു.
കോവിഡ് കാലത്ത് ചുമതലയേറ്റെടുത്ത പ്രഫ. വെങ്കടേശ്വര്‍ലു ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ പ്രശംസിക്കപ്പെട്ടിരുന്നതായി കേരള കേന്ദ്ര സർവകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാർജ് പ്രഫ. കെ.സി. ബൈജു അനുസ്മരിച്ചു. കര്‍ണാടക കേന്ദ്ര സർവകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ബട്ടു സത്യനാരായണ, രജിസ്ട്രാര്‍ ഇന്‍ ചാർജ് പ്രഫ. മുത്തുകുമാര്‍ മുത്തുച്ചാമി, പ്രഫ. ജോസഫ് കോയിപ്പള്ളി, പ്രഫ. രജനീഷ് മിശ്ര, പ്രഫ. ആര്.കെ. മിശ്ര, പ്രഫ.സി.എ. ജയപ്രകാശ്, പ്രഫ. ജസ്തി രവികുമാര്‍, പ്രഫ. സ്വപ്ന എസ്. നായര്‍, ഡോ.ആര്. ജയപ്രകാശ്, ഡോ. വിവേകവർധന്, പ്രഫ. വിന്‍സെന്റ് മാത്യു, പ്രഫ.കെ.എ. ജര്‍മ്മിന, ഡോ.ബി. ഇഫ്തിഖാര്‍ അഹമ്മദ്, ഡോ.എസ്. അന്‍ബഴഗി, സുരേശന് കണ്ടത്തില്‍, ഡോ.എ.എസ്. കണ്ണന്, എസ്. ശ്രീജിത്ത്, ആശിഷ് ദുബെ, അസ്ന സുല്‍ത്താന, ഡോ.ഇ. പ്രസാദ്, ഡോ.ഉമ പുരുഷോത്തമന്, പ്രഫ.വി.ബി. സമീര്‍കുമാര്‍, പ്രഫ.എം.എന്‍. മുസ്തഫ, ഡോ. ഋഷിറാം രമണന്, ഡോ. പ്രസാദ് പന്ന്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനുശോചന യോഗത്തിനുശേഷം ആദരസൂചകമായി സർവകലാശാലക്ക് അവധി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.