‘അടിപ്പാത’യിൽ സമരം…
text_fieldsകാസർകോട്: ‘നാടിന്റെ വികസനത്തിന് നമ്മൾ എതിരല്ല, പക്ഷേ, നമ്മുടെ പ്രശ്നങ്ങൾ കേൾക്കാൻ ആളുണ്ടായാൽ മതി’... ഇത് നുള്ളിപ്പാടി ജനങ്ങളുടെ വാക്കുകളാണ്... ദേശീയപാത മേൽപാലം കടന്നുപോകുന്ന കാസർകോട് പുതിയ സ്റ്റാൻഡിന് സമീപമുള്ള നുള്ളിപ്പാടി പ്രദേശവാസികൾക്ക് തീർത്തും ദുരിതമായി യാത്രക്ലേശം.
ജില്ലയിൽ ദേശീയപാതയുടെ പണി തുടങ്ങിയ വേളയിൽ പല പ്രദേശത്തും അതത് ജനങ്ങളുടെ ആവശ്യപ്രകാരം അടിപ്പാതയോ മേൽപാലമോ നിർമിച്ചിട്ടുണ്ട്. എന്നാൽ, നുള്ളിപ്പാടിയിലെ ജനങ്ങളുടെ ആവശ്യം ആരും കേട്ടതില്ല. പല നിവേദനങ്ങളും പല അധികാരികൾക്കും നൽകിയെങ്കിലും ഫലംകണ്ടില്ല.
രണ്ടു മിനിറ്റുകൊണ്ട് നടന്ന് റോഡിനിപ്പുറം എത്തിയിരുന്ന നുള്ളിപ്പാടിയിലെ ജനങ്ങൾക്ക് ഇപ്പോൾ സഞ്ചരിക്കേണ്ടത് അരമണിക്കൂറോളമാണ്. അതും നടന്നുപോയിരുന്ന അവർ വണ്ടികളെ ആശ്രയിച്ച് ട്രാഫിക് ബ്ലോക്കിൽപെട്ട് ഇഴഞ്ഞുവേണം ആശുപത്രിയിലും മറ്റുമെത്താൻ. 2023 ജനുവരി 11ന് തുടങ്ങിയ സമരം പലഘട്ടങ്ങളിലായി നടന്നിരുന്നു. പിന്നീട് പല ഉറപ്പുകളും കിട്ടിയതോടുകൂടി തൽക്കാലം മാറ്റിവെക്കുകയായിരുന്നു.
പറഞ്ഞ വാക്ക് അധികൃതർ ഇതുവരെ പാലിക്കാനും അടിപ്പാതയിൽ തുടർനടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് പ്രദേശവാസികൾ ഇപ്പോഴും സമരത്തിലാണ്.
ഏകദേശം ഒരുവർഷമായി അടിപ്പാതയാവശ്യവുമായി നാട്ടുകാർ രംഗത്ത്. നഗരസഭയിലെ ഒരേയൊരു വാതകശ്മശാനം പ്രദേശത്തുകാർക്ക് ഉപയോഗിക്കാൻ പറ്റാത്തവിധമാകും. രണ്ടു സ്ഥലങ്ങൾ പൂർണമായും വേർതിരിച്ചാണ് ദേശീയപാത കടന്നുപോകുന്നത്. നുള്ളിപ്പാടിയിലെ ജനങ്ങൾക്ക് നഗരത്തിലെത്താൻ ഓട്ടോക്ക് നൂറും നൂറ്റമ്പതും ചെലവാക്കേണ്ട അവസ്ഥയാണ്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.