കുമ്പളയിൽ ലോക്ഡൗണിനെതിരെ വ്യാപാരികൾ
text_fieldsകുമ്പള: ലോക്ഡൗണിനെതിരെ കുമ്പളയിൽ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത്. കുമ്പള ടൗണിലൊഴികെയുള്ള പ്രദേശങ്ങളിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുകയും ടൗണിൽ മാത്രം പകുതി വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.
ട്രിപ്പിൾ ലോക്ഡൗൺ അവഗണിച്ച് സ്ഥാപനങ്ങൾ തുറക്കാൻശ്രമിച്ച വ്യാപാരികളെ പൊലീസെത്തി അനുനയിപ്പിച്ചു.
കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകളും നിരത്തിലിറക്കുകയും ഇളവുകൾ അനുവദിച്ച മറ്റു വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുകയും സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം ഓടുകയും ചെയ്ത സാഹചര്യത്തിൽ വസ്ത്രം, ഫാൻസി തുടങ്ങി ഏതാനും ചില വ്യാപാരസ്ഥാപനങ്ങൾക്ക് മാത്രം വിലക്കേർപ്പെടുത്തിയ ഇരട്ടനയം പ്രതിഷേധാർഹമാണെന്ന് വ്യാപാരികൾ പറഞ്ഞു.
ലക്ഷങ്ങളുടെ ചരക്കുകൾ വാങ്ങിക്കൂട്ടി രണ്ടു വർഷത്തോളമായി വിറ്റഴിക്കാനാവാതെ വലിയ വിഷമത്തിലാണ് വ്യാപാരികൾ. ഏകദേശം എല്ലാ വ്യാപാരികളും ജീവനക്കാരും വാക്സിൻ എടുത്തിട്ടുണ്ട്. പൊലീസിെൻറത് വ്യാപാരിവിരുദ്ധ നിലപാടാണെന്ന് ഇവർ കുറ്റപ്പെടുത്തി.
വ്യാപാരികളുടെ പരാതികൾ ജില്ല കലക്ടറെ ബോധ്യപ്പെടുത്തുമെന്ന് പൊലീസ് ഉറപ്പുനൽകി. കുമ്പള വ്യാപാരി കൂട്ടായ്മ ഭാരവാഹികളായ മൂസ മഹർ, ഹമീദ് കാവിൽ, മുഹമ്മദ് സ്മാർട്ട്, നദീം, റഫീഖ്, ഇർഷാദ്, ഹമീദ് സൂപ്പർ, വ്യാപാരി വ്യവസായി ഏകോപനസമിതി എക്സിക്യൂട്ടിവ് മെംബർ ഇബ്രാഹീം ബത്തേരി, അഷ്‌റഫ് സ്‌കൈലർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.