പുരപ്പുറങ്ങള്‍ ഉൽപാദിപ്പിക്കുന്നത് 1191 കിലോവാട്ട് വൈദ്യുതി
text_fieldsകാസർകോട്: സൗരപ്രോജക്ടില്‍ ഉള്‍പ്പെടുത്തിയുള്ള പുരപ്പറ സൗരോര്‍ജ പദ്ധതി പ്രകാരം ജില്ലയിൽ ഉൽപാദിപ്പിക്കുന്നത് 1191 കിലോവാട്ട് വൈദ്യുതി. കേരളത്തില്‍ ഉയര്‍ന്നുവരുന്ന വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിൽ കൂടുതൽ സജീവമായി.
കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഇ.ബി വഴി നടപ്പിലാക്കുന്ന പുരപ്പുറ സൗരോര്‍ജ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 330 വീടുകളില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനം ആരംഭിച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഉൽപാദിപ്പിച്ച് വീടുകളില്‍ വൈദ്യുതി ചെലവ് കുറക്കുന്നതിനും പദ്ധതി വഴി സാധിക്കുന്നു.
സോളാര്‍ പ്ലാന്റ് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡിയുമുണ്ട്. മൂന്നു കിലോവാട്ടില്‍ താഴെയുള്ള സോളാര്‍ പ്ലാന്റുകള്‍ക്ക് 40 ശതമാനവും മൂന്നു മുതല്‍ മുകളിലേക്ക് 20 ശതമാനവുമാണ് സബ്‌സിഡി ലഭിക്കുക. ഒരു കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റിന് ഏകദേശം 42000 രൂപ ചെലവ് വരും.
ഒരു കിലോവാട്ട് പ്ലാന്റിനായി 100 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. ഒരു കിലോ വാട്ട് പ്ലാന്റില്‍ നിന്ന് പ്രതിദിനം നാലു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാന്‍ സാധിക്കും. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിച്ചതിനുശേഷം അധികമുള്ള വൈദ്യുതി ഇലക്ട്രിസിറ്റി ബോര്‍ഡ് ഗ്രിഡ് വഴി വാങ്ങുന്നു. നിലവില്‍ 10 കിലോവാട്ടില്‍ താഴെയുള്ള പ്ലാന്റുകളാണ് വീടുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.
സോളാര്‍ പ്ലാന്റിന് രജിസ്റ്റര്‍ ചെയ്യാന്‍ ഇ-കിരണം
കാസർകോട്: കെ.എസ്.ഇ.ബി ഇ-കിരണം പോര്‍ട്ടല്‍ (https://ekiran.kseb.in/) വഴിയാണ് ഉപഭോക്താക്കള്‍ സോളാര്‍ പ്ലാന്റ് നിര്‍മിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. കെ.എസ്.ഇ.ബി എം-പാനല്‍ ചെയ്ത ഏജന്‍സികളാണ് പ്ലാന്റുകള്‍ നിര്‍മിച്ചു നല്‍കുന്നത്.
30 ഓളം ഏജന്‍സികളെ ഇത്തരത്തില്‍ എം-പാനല്‍ ചെയ്തിട്ടുണ്ട്. ഏജന്‍സികളെ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. പ്ലാന്റുകള്‍ പൂര്‍ത്തിയായശേഷം കെ.എസ്.ഇ.ബി. ഉപഭോക്താക്കളുമായി വൈദ്യുതി വില്‍ക്കുന്നതിനുള്ള കരാറിൽ ഏര്‍പ്പെടും.
പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനുള്ള തുക ഉപഭോക്താക്കള്‍ കണ്ടെത്തുകയും നിര്‍മാണം പൂര്‍ത്തിയായ ശേഷം സബ്‌സിഡി തുക തിരികെ ലഭിക്കുന്ന രീതിയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ ഇ-കിരണം പോര്‍ട്ടല്‍ വഴി 2300 ഓളം അപേക്ഷകള്‍ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.