പുത്തിഗെ വെള്ളരി സോപ്പിന് പ്രിയമേറുന്നു
text_fieldsകാസർകോട്: പുത്തിഗെ പഞ്ചായത്തിലെ വെള്ളരി കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കൃഷി ഓഫിസര്‍ ബി.എച്ച്. നഫീസത്ത് ഹംഷീനയുടെ ആശയത്തില്‍ രൂപംകൊണ്ട വെള്ളരി സോപ്പിന് പ്രിയമേറുന്നു. മുഹിമ്മാത്ത് ഹയര്‍സെക്കൻഡറി സ്‌കൂള്‍ അധ്യാപകനായ ഹനീഫ ഹിംസാക്കാണ് സോപ്പ് ആദ്യമായി നിർമിച്ചത്. പഞ്ചായത്തിലെ വെള്ളരി കര്‍ഷകരില്‍നിന്ന് ശേഖരിച്ച് ശുദ്ധമായ വെളിച്ചെണ്ണയില്‍ നിർമിച്ച വെള്ളരി സോപ്പിന് 'കുക്കുമിസ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അഞ്ച് ഹെക്ടറോളം വെള്ളരി കൃഷിയുള്ള പഞ്ചായത്താണ് പുത്തിഗെ. വെള്ളരിയില്‍നിന്ന് മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ ഉണ്ടായതോടെ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം ലഭിച്ചു.
പപ്പായ സോപ്പാണ് അടുത്ത ലക്ഷ്യം. പഞ്ചായത്ത് പരിധിയിലെ പപ്പായ കര്‍ഷകരില്‍നിന്നും പഴുത്ത പപ്പായ ശേഖരിച്ച് വെള്ളരി സോപ്പിന് സമാനമായി പപ്പായ സോപ്പ് എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പുത്തിഗെ പഞ്ചായത്ത്. എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സോപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൃഷിഭവനിലും അധ്യാപകന് വ്യക്തിപരമായും നിരവധി ഓര്‍ഡറുകള്‍ ലഭിച്ചുവരുന്നുണ്ട്. ഒരു തവണ ഉപയോഗിച്ചശേഷം വീണ്ടും വെള്ളരി സോപ്പ് അന്വേഷിക്കുകയാണ് ഉപഭോക്താക്കള്‍. സോപ്പ് നിർമാണ രംഗത്തേക്ക് കൂടുതല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. വെള്ളരി സോപ്പ് നിർമാണത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഉടന്‍ പരിശീലനം നല്‍കി കര്‍ഷകര്‍ക്ക് മികച്ച വരുമാനമാർഗം സൃഷ്ടിച്ചുനല്‍കാനുള്ള ശ്രമത്തിലാണ് പുത്തിഗെ പഞ്ചായത്തും കൃഷിഭവനുമെന്നും ചർമസംരക്ഷണത്തിനും താരന്‍ അകറ്റാനും മികച്ച ഉൽപന്നമാണ് വെള്ളരി സോപ്പെന്നും കൃഷി ഓഫിസര്‍ ബി.എച്ച്. നഫീസത്ത് ഹംഷീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.