ഉദ്ഘാടനത്തിനൊരുങ്ങി പുത്തിഗെ പി.എച്ച്.സി ഇനി സി.എച്ച്.സി
text_fieldsപുത്തിഗെ: അംഗഡിമുഗർ അരിയാപാടിയിലെ പുത്തിഗെ പ്രാഥമികാരോഗ്യ കേന്ദ്രം(പി.എച്ച്.സി) കുടുംബക്ഷേമാരോഗ്യ കേന്ദ്ര(സി.എച്ച്.സി)മായി മാറുന്നു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 85ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടം ആറുമാസം കൊണ്ടാണ് പൂർത്തിയായത്. പി.എച്ച്.സിയെ സി.എച്ച്.സിയായി ഉയർത്തുന്നതിന്റെ ഭാഗമായാണ് കെട്ടിടം നിർമിച്ചത്.
ഇതോടൊപ്പം അനുബന്ധ സൗകര്യങ്ങൾ കൂടി ഒരുങ്ങേണ്ടതുണ്ട്. പത്തു കിടക്കകളുടെ കിടത്തിച്ചികിത്സ സൗകര്യം കൂടി ഒരുക്കുന്നതിനുള്ള അനുമതിയായിട്ടുണ്ട്. അതേസമയം ലാബ് സൗകര്യം ആയിട്ടില്ല. രണ്ടു ഡോക്ടർമാരുടെ സേവനം ഇനിമുതൽ ലഭ്യമാകും. ഇപ്പോൾ ഒരുമണിവരെയാണ് സേവനം.
ഒരു ഡോക്ടർമാത്രമാണുണ്ടായിരുന്നത്. ഇനി വൈകീട്ട് വരെ ആശുപത്രി പ്രവർത്തിക്കും. 12 ജീവനക്കാരാണ് സേവനത്തിനുണ്ടാകുക. കാസർകോട് മെഡിക്കൽ കോളജ് പ്രവർത്തനം പൂർണ അർഥത്തിൽ വരുന്നതോടെ പുത്തിഗെ സി.എച്ച്.സി ജനോപകാരപ്രദമയായി മാറുമെന്ന് ആശുപത്രി വികസന സമിതി ചെയർമാൻ എം.എച്ച്. അബ്ദുൽ മജീദ് പറഞ്ഞു. എത്രയുംവേഗത്തിൽ ഉദ്ഘാടനം നിർവഹിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച കാസർകോട് എത്തിയ മന്ത്രി വീണ ജോർജിനു നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.