മഞ്ചേശ്വരം ഒഴിവാക്കി റെയിൽവേ വികസനം
text_fieldsകാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളായ മഞ്ചേശ്വരം, ഉപ്പള, കുമ്പള എന്നിവയെ ഒഴിവാക്കിയുള്ള ജില്ലയിലെ റെയിൽവേ വികസനത്തിൽ ശക്തമായ പ്രതിഷേധവുമായി സംഘടനകൾ.
കഴിഞ്ഞ കുറെ വർഷങ്ങളായി മഞ്ചേശ്വരം, ഉപ്പള, കുമ്പള റെയിൽവേ സ്റ്റേഷനുകളെ അവഗണിക്കുന്ന സമീപനമാണ് റെയിൽവേയുടേത്. ഇതിനെതിരെ നിരവധി പ്രക്ഷോഭ പരിപാടികൾ പാസഞ്ചേഴ്സ് അസോസിയേഷനും സന്നദ്ധ സംഘടനകളും നാട്ടുകാരും നടത്തിയിരുന്നു. നിരന്തരമായി ജനപ്രതിനിധികൾക്കും റെയിൽവേ അധികൃതർക്കും നിവേദനം നൽകുകയും ചെയ്തിരുന്നു.
എന്നിട്ടും വികസനത്തോട് മുഖം തിരിച്ചുനിൽക്കുന്ന സമീപനമാണ് ജനപ്രതിനിധികളും റെയിൽവേ അധികൃതരും സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ വർഷം രാജ്മോഹൻ ഉണ്ണിത്താൻ എം.പി മഞ്ചേശ്വരം മണ്ഡലത്തിലെ ഈ മൂന്ന് സ്റ്റേഷനുകളും സന്ദർശിച്ച് നാട്ടുകാരിൽനിന്നും സന്നദ്ധ സംഘടനകളിൽനിന്നും പരാതി കേൾക്കുകയും നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
സന്ദർശനം രാഷ്ട്രീയതട്ടിപ്പെന്ന് പറഞ്ഞ് എസ്.ഡി.പി.ഐ പ്രവർത്തകർ മഞ്ചേശ്വരം സ്റ്റേഷനിൽ അന്ന് എം.പിയെ തടഞ്ഞിരുന്നു. എന്നിട്ടുപോലും ഒരു ഇടപെടലും നടന്നില്ല.
റെയിൽവേക്ക് ഏറെ വരുമാനം നേടിക്കൊടുക്കുന്ന മണ്ഡലത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളാണ് മഞ്ചേശ്വരവും കുമ്പളയും. വികസന കാര്യത്തിലാകട്ടെ കടുത്ത അവഗണനയും. കുമ്പള റെയിൽവേ സ്റ്റേഷനിൽ മാത്രം വികസനത്തിനാവശ്യമായ ഏക്കർകണക്കിന് ഭൂമിയുണ്ട്. ഇത് നിരവധിതവണ അധികൃതരെ ധരിപ്പിച്ചതുമാണ്. കുമ്പളയെ സാറ്റ്ലൈറ്റ് സ്റ്റേഷനാക്കി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് ചെവിക്കൊള്ളാൻ അധികൃതർ തയാറാവുന്നുമില്ല. കാസർകോട് മുതൽ തെക്കോട്ടുള്ള സ്റ്റേഷനുകളെയാണ് റെയിൽവേ വികസനത്തിൽ പരിഗണിക്കുന്നത്. ഇതിന്റെ പിതൃത്വം ഏറ്റെടുക്കാൻ രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും മത്സരിക്കുകയാണെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ മറ്റുള്ള സ്റ്റേഷനുകളോടുള്ള അവഗണന തുടരുന്നപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാരും പാസഞ്ചേഴ്സ് അസോസിയേഷനും സന്നദ്ധ സംഘടനകളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.