കാസർകോട് സ്റ്റേഷൻ സന്ദർശിച്ച് റെയിൽവേ ഡിവിഷൻ മാനേജർ
text_fieldsകാസർകോട്: പാലക്കാട് റെയിൽവേ ഡിവിഷനിലെ അഡീഷനൽ ഡിവിഷൻ റെയിൽവേ മാനേജർ എസ്. ജയകൃഷ്ണൻ കാസർകോട് സ്റ്റേഷൻ സന്ദർശിച്ചു.
റെയിൽവേ സന്ദർശനത്തിനെത്തിയ ജനറൽ മാനേജർക്ക് മുന്നിൽ കാസർകോട്ടെ സ്റ്റേഷൻ സംബന്ധിച്ച പരാതികളും അസൗകര്യങ്ങളും ഉന്നയിക്കാൻ പാസഞ്ചേഴ്സ് യൂനിയനും മറ്റ് യാത്രക്കാരും എത്തിയിരുന്നു. റെയിൽവേ സ്റ്റേഷനിലുൾപ്പെടെ യാത്രക്കാർക്ക് ഇരിക്കാൻ ഇടമില്ലാത്തതും പ്ലാറ്റ്ഫോമുകൾക്ക് മുഴുവൻ മേൽക്കൂര പണിയാത്തതും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതും വെയിറ്റിങ് റൂമുകളുടെ ശോച്യാവസ്ഥയും ഉന്നയിക്കപ്പെട്ടു.
ടിക്കറ്റ് കൗണ്ടറിന് അടുത്തുള്ള നടപ്പാത ഉടൻ തുറന്നുകൊടുക്കണമെന്ന് അഭ്യർഥിച്ചു. ഉത്തര മലബാറിലെ യാത്ര ദുരിതത്തിന് പരിഹാരമായി മംഗളൂരു- കോഴിക്കോട് റൂട്ടിൽ മെമു സർവീസുകൾ കൂടുതൽ ആരംഭിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രശാന്ത് കുമാറും ജനറൽ സെക്രട്ടറി നാസർ ചെർക്കളവും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടിവ് 18 മണിക്കൂർ കണ്ണൂരിൽ കിടക്കുകയാണ്.
അതുപോലെ കണ്ണൂർ -എറണാകുളം ഇന്റർസിറ്റി 15 മണിക്കൂറും കണ്ണൂർ- ഷൊർണൂർ പാസഞ്ചർ എട്ട് മണിക്കൂറും കണ്ണൂർ- ബംഗളൂരു ട്രെയിനും(പാലക്കാട് വഴി) 10 മണിക്കൂറും വെറുതെ കിടക്കുകയാണ്. സാധാരണക്കാർക്ക് ഏറ്റവും ഉപകാരമാകുന്ന മംഗളൂരു-തിരുവനന്തപുരം അന്ത്യോദയ എക്സ്പ്രസ് ദിവസേന ഓടിക്കണം.
മംഗളുരു- കണ്ണൂർ പാസഞ്ചറിന്റെ പുതിയ സമയം കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാവേലിയും മംഗളൂരു -കണ്ണൂർ പാസഞ്ചറും എന്നും വൈകിയോടുന്നു. കോഴിക്കോട് നിന്നും വൈകീട്ട് എത്തുന്ന പരശുറാം, എഗ്മൂർ എക്സ്പ്രസുകളുടെ പുതിയ സമയം ജനങ്ങളെ വലിയ ദുരിതത്തിലാക്കുന്നതായും നിവേദനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.