റെയിൽവേ പദ്ധതി: മറ്റൊരു കുടിയൊഴിപ്പിക്കലിന് അരങ്ങൊരുങ്ങുന്നുവോ?
text_fieldsകാസർകോട്: സംസ്ഥാനത്ത് ട്രെയ്നുകളുടെ വേഗംകൂട്ടാൻ പാളങ്ങളുടെ വളവുകൾ നിവർത്തുന്നതിന് പദ്ധതി വരുന്നു. ഇത് മറ്റൊരു കുടിയൊഴിപ്പിക്കലിന് അവസരമൊരുങ്ങുമെന്ന് പരക്കെ ആശങ്ക. പദ്ധതി പ്രകാരം കാസർകോട്- മംഗളൂരുവിലെ 46 കിലോമീറ്റർ പാതയിൽ 38 വളവുകളുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്.
പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം പച്ചക്കൊടി കാട്ടിയ സാഹചര്യത്തിൽ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് തീരുമാനം. ആദ്യഘട്ടം കാസർകോട്- മംഗളൂരു പാതയിലാണ് വളവുകൾ നിവർത്തുന്നത്. എട്ടുമാസത്തിനകം ഇതിന്റെ ജോലി പൂർത്തിയാക്കാൻ റെയിൽവേ മന്ത്രാലയം ടെൻഡർ വിളിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് അതിവേഗപാത ചർച്ചകൾ നടക്കുന്നതിനിടയിലാണ് റെയിൽവേയുടെ മൊത്തത്തിൽ വേഗം കൂട്ടുന്നതിന്റെ ഭാഗമായി വളവുകൾ നിവർത്തുന്നത്. പദ്ധതി കൂടുതൽ ദോഷകരമായി ബാധിക്കുന്നത് ജില്ലയിലെ തീരദേശ മേഖലയെയായിരിക്കും. കടലിനും, റെയിൽവേക്കും ഇടയിൽ താമസിക്കുന്നവർക്കാണ് ഏറെ ദുരിതമാവുക. റെയിൽവേ ഇരട്ടപ്പാത വന്നപ്പോഴും ഏറെ ദുരിതമുണ്ടാക്കിയത് തീരദേശ ജനതക്കായിരുന്നു. ഇത് വീണ്ടും ആവർത്തിക്കുമെന്ന ആശങ്കയിലാണ് തീരദേശവാസികൾ.
അതിനിടെ കെ. റെയിലിന് ബദലായി അതിവേഗ റെയിൽപദ്ധതികളെക്കുറിച്ച് സംസ്ഥാന സർക്കാർ അഭിപ്രായം ആരായുന്നുണ്ട്. ഡി.എം.ആർ.സി മുൻ മേധാവി ഇ. ശ്രീധരനാണ് ഇത്തരത്തിൽ ഒരു പദ്ധതി നിർദേശം സർക്കാറിന് മുന്നിൽ വെച്ചിരിക്കുന്നത്. വ്യാപകമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉയർന്നുവന്ന ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും കരണമാണ് കെ- റെയിൽ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാറിന് പിൻമാറേണ്ടിവന്നത്. ഇപ്പോൾ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ വൻതോതിലുള്ള ഭൂമി ഏറ്റെടുക്കൽ ഇല്ലാതെയാണ് അതിവേഗപാതയുടെ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
ഭൂമിക്ക് മുകളിൽ തൂണിൽ ഉയർത്തി നിർത്തിയ പാത നടപ്പാക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് മൂന്നരമണിക്കൂർ കൊണ്ട് എത്തിച്ചേരുന്ന സെമി സ്പീഡ് റെയിൽ പാതയാണ് ഉദ്ദേശിക്കുന്നത്. ഇത് പിന്നീട് മംഗളൂരു വരെ നീട്ടിയേക്കാം. ഒപ്പം ഹൈ സ്പീഡായി ഉയർത്തുകയും ചെയ്യും. ഇതിനിടയിൽ വളവുകൾ നിവർത്തുന്ന പദ്ധതിയാണ് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.