റെയിൽവേ സ്റ്റേഷൻ നവീകരണം; വികസനപാതയിൽ നാട്
text_fieldsകാഞ്ഞങ്ങാട്: പ്രധാന സ്റ്റേഷനായ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ 18 കോടിയുടെ വികസനം വരുന്നു. കഴിഞ്ഞദിവസം പാലക്കാട് വെച്ച് ഡി.ആർ.എം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം വ്യക്തമാക്കിയതായും ഒന്നോ രണ്ടോ മാസത്തിനകം പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുമെന്നും കാഞ്ഞങ്ങാട് ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ പറഞ്ഞു.
പാർക്കിങ് ഏരിയ വികസനം, പ്ലാറ്റ് ഫോമിൽ മേൽക്കൂര, റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം ആധുനികരീതിയിലുള്ള പോർച്ച്, ഐ.ആർ.സി.ടി.സിയുടെ ഭക്ഷണശാല, ഡ്രെയ്നേജ്, വടക്കുഭാഗത്ത് പുതിയൊരു ഫൂട്ട് ഓവർബ്രിഡ്ജ് ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് അനുമതിയായതായാണ് ഭാരവാഹികൾ പറഞ്ഞത്.ഒരാഴ്ചക്കുള്ളിൽ രണ്ട് ടിക്കറ്റ് വെൻഡിങ് മെഷീൻ കൂടി ഫ്ലാറ്റ് ഫോമിൽ പ്രവർത്തിച്ചു തുടങ്ങുമെന്നും കൂടുതലാളുകൾ മുന്നോട്ടുവന്നാൽ ഇനിയും ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിക്കാൻ തയാറാണെന്നും അധികൃതർ വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ ഡെവലപ്മെന്റ് ഫോറം ഭാരവാഹികളായ കെ. മുഹമ്മദ് കുഞ്ഞി, കെ.പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
നീലേശ്വരം: റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം തെക്കുഭാഗത്തേക്ക് നീട്ടുന്ന പ്രവൃത്തിക്ക് തുടക്കംകുറിച്ചു. യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണിത്.
റെയിൽവേ ഡിവിഷനൽ മാനേജർമാർ നീലേശ്വരം സ്റ്റേഷൻ സന്ദർശിച്ചപ്പോഴെല്ലാം എൻ.ആർ.ഡി.സി ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പും കിട്ടിയിരുന്നു. ഈ പ്രവൃത്തികളാണ് ഇപ്പോൾ ആരംഭിച്ചത്. തെക്കു ഭാഗത്തേക്കാണ് പ്ലാറ്റ്ഫോം നീട്ടുന്നത്.
രണ്ടാം പ്ലാറ്റ് ഫോമിന് മതിയായ നീളമില്ലാത്തിനാൽ വയോധികർ, സ്ത്രീകൾ, അംഗപരിമിതർ ഉൾപ്പെടെയുള്ള യാത്രക്കാർ ട്രെയിനിൽ കയറാൻ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടായിരുന്നു. നീലേശ്വരം നഗരസഭ, കാഞ്ഞങ്ങാട് നഗരസഭയിലെ ചില വാർഡുകളിൽനിന്നുള്ള യാത്രക്കാർക്കും പുറമേ മലയോര പഞ്ചായത്തുകളിൽനിന്നുള്ള യാത്രക്കാർ ആശ്രയിക്കുന്നത് നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ്. ഇവിടെ ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ലിഫ്റ്റ്, അനൗൺസ്മെന്റ് സംവിധാനം, മലയോരത്തുനിന്നെത്തുന്ന യാത്രക്കാർക്കും ഉപകാരപ്പെടും വിധം കിഴക്കുഭാഗത്ത് പാർക്കിങ് സൗകര്യം എന്നിവയുടെ പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.