മഴ: ജില്ലയിൽ കടുത്ത ജാഗ്രത
text_fieldsകാസർകോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലും കടുത്ത ജാഗ്രത. ജില്ലയിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ശക്തമായ മഴയുണ്ടായില്ല. ഒറ്റപ്പെട്ട മഴയാണ് പലയിടത്തുമുണ്ടായത്. ബുധനാഴ്ചയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ആഗസ്റ്റ് നാലിന് ജില്ലയിൽ റെഡ് അലര്‍ട്ടാണ് പ്രവചിച്ചത്. ഇതുകൂടി കണക്കിലെടുത്ത് വൻ മുന്നൊരുക്കമാണ് ജില്ല ഭരണകൂടം നടത്തുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 204.5 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ജാഗ്രത നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതിജാഗ്രത പാലിക്കാൻ ജില്ല ദുരന്ത നിവാരണ സേന നിർദേശം നൽകി.
ശ്രദ്ധിക്കാം ഈ മുന്നറിയിപ്പ്
2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം ഉണ്ടായ മേഖലകളിലുള്ളവര്‍ അപകടസാധ്യത കരുതിയിരിക്കണം. ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധസമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളും അപകട സാധ്യത മുന്നില്‍ക്കണ്ടുകൊണ്ടുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം.
മാറിത്താമസിക്കാൻ നിർദേശിച്ചാൽ മടിക്കരുത്
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ ജനങ്ങള്‍ സഹകരിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറിത്താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കിവെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മാറിത്താമസിക്കാന്‍ തയാറാവണം.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂർണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
ദുരന്തസാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കണം. ശക്തമായ മഴപെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
കടലിൽ പോയാൽ നടപടി
മുന്നറിയിപ്പ് ലംഘിച്ച് മത്സ്യബന്ധനത്തിനായി കടലിലിറങ്ങുന്നവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തീരദേശ പൊലീസിന് നിർദേശം നല്‍കി.
മലയോര മേഖലയില്‍ മരം വീഴാനും കുന്നിടിയാനുമുള്ള സാധ്യത പരിഗണിച്ച് ജാഗ്രതയോടെ നില്‍ക്കണമെന്ന് റവന്യൂ പൊലീസിന് നിർദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ യാനവും പുഴകളില്‍ ഉപയോഗിക്കാവുന്ന ഫൈബര്‍ ബോട്ടുകളും സജ്ജമാക്കിക്കഴിഞ്ഞു.
ഖനനത്തിന് നിരോധനം
മഴയുടെ തോത് കൂടുന്നതിനനുസരിച്ച് മൈനിങ് പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ജിയോളജിസ്റ്റിന് നിർദേശം നല്‍കി. കോടോം ബേളൂര്‍ പഞ്ചായത്തില്‍ ഗതിമാറി ഒഴുകിക്കൊണ്ടിരിക്കുന്ന തോടിനെ ശരിയായ ദിശയിലേക്ക് ഒഴുക്കിവിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചെറുകിട ജലസേചന എക്സി. എൻജിനീയര്‍ക്ക് നിർദേശം നല്‍കി. ആരോഗ്യസേവനങ്ങള്‍ക്കായി വിവിധ ബ്ലോക്ക് പരിധികളില്‍ ആവശ്യമായ മരുന്നുകള്‍ ഉള്‍പ്പെടെ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ എ.വി. രാംദാസ് പറഞ്ഞു.
മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക ഒരുക്കും
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികൂല സാഹചര്യത്തില്‍ ക്യാമ്പുകളിലേക്ക് മാറ്റേണ്ടുന്ന കുടുംബങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ തയാറാക്കി രക്ഷാപ്രവര്‍ത്തന സമയത്ത് ഇവിടങ്ങളിലെ മുഴുവന്‍ ആളുകളെയും മാറ്റിപ്പാര്‍പ്പിക്കും.
തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലുള്ള കന്നുകാലികളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അതത് പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്ക് നിർദേശം നല്‍കി.
പൊതുമരാമത്ത് റോഡുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വെള്ളക്കെട്ട് നീക്കാനും നടപടി സ്വീകരിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജാഗ്രതയോടെ പ്രവർത്തിക്കാൻ തഹസിൽദാർമാർക്കും നിർദേശം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.