മൊഗ്രാൽ ടൗണിൽ മഴവെള്ളം ഒഴുകുന്നത് ദേശീയപാതയിൽ
text_fieldsമൊഗ്രാൽ: ദേശീയപാത ആറുവരിപാതയായി ഉയർത്തുന്ന ജോലികൾ പുരോഗമിക്കുന്നതിനിടയിലും മൊഗ്രാൽ ടൗണിന് സമീപം ശാഫി മസ്ജിദിനടുത്ത് അടഞ്ഞുകിടക്കുന്ന കലുങ്ക് തുറക്കാത്തത് കാൽനടക്കാർക്ക് ദുരിതമാകുന്നു. വർഷങ്ങൾക്കുമുമ്പ് നിയന്ത്രണംവിട്ട സ്വകാര്യബസ് ഇടിച്ചാണ് കലുങ്ക് തകർന്നത്.
കലുങ്ക് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടർന്ന് മഴവെള്ളം കുത്തിയൊഴുകുന്നത് ദേശീയ പാതയിലൂടെയാണ്. മൊഗ്രാൽ ടൗണിൽനിന്നും മീലാദ് നഗറിൽനിന്നും ഒഴുകിവരുന്ന മഴവെള്ളം മൊഗ്രാൽ പുഴയിലേക്ക് ഒഴുകിപ്പോകാനുള്ള പ്രധാന ഓവുചാൽ സംവിധാനമാണ് ടൗണിൽ ശാഫി മസ്ജിദിനുസമീപം മണ്ണിനാൽ മൂടപ്പെട്ടുകിടക്കുന്നത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുതിയ പാതക്കായി ഇപ്പോൾ മണ്ണിട്ട് നിരത്തിയതോടെ ഓവുചാൽ സംവിധാനം പൂർണമായും അടഞ്ഞു. മഴവെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയതോടെ പള്ളിയിലേക്ക് പ്രാർഥനക്കായി എത്തുന്നവർക്കും തൊട്ടടുത്ത മദ്റസയിലേക്ക് വരുന്ന കുട്ടികൾക്കും കാൽനടക്കാർക്കും ദുരിതമായി മാറി.
കഴിഞ്ഞ വർഷങ്ങളിൽ കാലവർഷത്തിൽ വെള്ളം റോഡിലൂടെ ഒഴുകുന്നതുമൂലം ദേശീയപാത ഈ ഭാഗത്ത് പൂർണമായും തകർന്നുപോകുന്ന അവസ്ഥ ഉണ്ടായിരുന്നു. കലുങ്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ ദേശീയപാത അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
ദേശീയപാത വികസനം നടക്കാനിരിക്കെ കലുങ്ക് ഇപ്പോൾ പുനഃസ്ഥാപിക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ദേശീയപാത വികസനത്തോടൊപ്പം കലുങ്ക് നിർമാണവും നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. കാലവർഷം നേരത്തെ തുടങ്ങിയതോടെ ദേശീയപാത വികസനത്തോടൊപ്പം കലുങ്ക് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.