ഗാർഹിക പീഡനത്തിൽനിന്ന് രക്ഷയായി 'രക്ഷാദൂത്'
text_fieldsകാസർകോട്: ഗാർഹിക പീഡനത്തിൽനിന്ന് വനിതകളെ സംരക്ഷിക്കാൻ സംസ്ഥാന വനിത ശിശു വികസന വകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് 'രക്ഷാദൂത്'. അതിക്രമം നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വളരെ എളുപ്പത്തിൽ പരാതിപ്പെടാനുള്ള പദ്ധതിയാണിത്. അതിക്രമത്തിന് ഇരയായ സ്ത്രീകൾക്കോ കുട്ടികൾക്കോ അവരുടെ ബന്ധുക്കൾക്കോ പദ്ധതി പ്രയോജനപ്പെടുത്താം.
അടുത്തുള്ള പോസ്റ്റ് ഓഫിസിൽ എത്തി തപാൽ എന്ന് കോഡ് പറഞ്ഞാൽ പോസ്റ്റ്മാസ്റ്റർ സഹായത്തോടെ മേൽവിലാസം പിൻകോഡ് സഹിതം പേപ്പറിൽ എഴുതി ലെറ്റർ ബോക്സിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ അതിക്രമം അനുഭവിക്കുന്ന സ്ത്രീക്കോ കുട്ടിക്കോ ഇതു ചെയ്യുന്നതിനായി ഒരു വെള്ളപേപ്പറിൽ പൂർണമായ മേൽവിലാസം എഴുതി ലെറ്റർ ബോക്സിൽ നിക്ഷേപിക്കുമ്പോൾ കവറിനു പുറത്ത് തപാൽ എന്ന് എഴുതിയാൽ മതി.
ഇങ്ങനെ ലഭിക്കുന്ന പരാതികൾ ഇ–മെയിൽ വഴി വനിത ശിശു വകുപ്പിന് അയച്ചുകൊടുത്ത് അതത് ജില്ലകളിലെ വനിത സംരക്ഷണ ഓഫിസർമാരും കുട്ടികളുടെ പരാതികൾ ജില്ല ശിശു സംരക്ഷണ ഓഫിസർമാരും അന്വേഷിച്ച് നടപടികൾ സ്വീകരിക്കും. പദ്ധതി പ്രകാരം പരാതിപ്പെടുമ്പോൾ പരാതിക്കാരുടെ മേൽവിലാസം മാത്രം രേഖപ്പെടുത്തുന്നതുകൊണ്ട് പരാതിയുടെ രഹസ്യസ്വഭാവം പുറത്തുവരുന്നില്ല. പരാതികൾ എഴുതാൻ കഴിയാത്തവരെയും പീഡനങ്ങളിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കാസർകോട് മഹിള ശക്തികേന്ദ്രവുമായി ബന്ധപ്പെടാം. ഫോൺ: 9400088166.
ശൈശവ വിവാഹം തടയാൻ 'പൊൻവാക്ക്'
കാസർകോട്: സംസ്ഥാനത്ത് ശൈശവ വിവാഹം നടക്കുന്നത് തടയുന്നതിനായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് പൊൻ വാക്ക്. പൊതുജന പങ്കാളിത്തത്തോടുകൂടി ശൈശവ വിവാഹം പൂർണമായി നിരോധിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശൈശവ വിവാഹം നടക്കുന്നത് മുൻകൂട്ടി വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികമായി നൽകുന്നു. വിവരം നൽകുന്ന വ്യക്തിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കൃത്യമായ വിവരങ്ങൾ സഹിതം ശൈശവ വിവാഹം മുൻകൂട്ടി അറിയിക്കുകയും ഇത് ബോധ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമാണ് പാരിതോഷികം നൽകുന്നത്. ശൈശവ വിവാഹം നടന്നു കഴിഞ്ഞ് വിവരം നൽകുന്ന വ്യക്തികൾക്ക് പാരിതോഷികം ലഭിക്കില്ല.
ജില്ലയിലെ 12 ഐ.സി.ഡി.എസ് ഓഫിസുകളിലെ ശിശു വികസന പദ്ധതി ഓഫിസർമാരാണ് ശൈശവ വിവാഹ നിരോധന നിയമം നടപ്പിലാക്കുന്നത്. ശൈശവ വിവാഹം നടക്കുന്നത് തടയുന്നതിനായി പൊതുജന പങ്കാളിത്തം കൂടി ഉണ്ടാവണമെന്ന് വനിത-ശിശു വികസന വകുപ്പ് ജില്ല ഓഫിസർ കവിത റാണി രഞ്ജിത്ത് പറഞ്ഞു. ഫോൺ: 940008816.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.