റമദാൻ വിപണി ചൂടുപിടിച്ചു; പച്ചക്കറി വിലയിൽ ശമനം
text_fieldsകാസർകോട്: ജില്ലയിൽ റമദാൻ വിപണി ചൂടുപിടിച്ചു. പച്ചക്കറി വിലയിൽ നേരിയ ശമനം. കടുത്ത ചൂടിനൊപ്പം റമദാൻ വിപണിയും ചൂടുപിടിച്ച ജില്ലയിൽ പച്ചക്കറി മാർക്കറ്റിൽ നല്ല തിരക്കാണനുഭവപ്പെടുന്നത്.
റമദാനിൽ കൂടുതലായി ഉപയോഗിക്കുന്നത് സവാളയും ചെറുനാരങ്ങയുമാണെന്നാണ് വിപണി വിലയിരുത്തൽ. തക്കാളിയും സവാളയും വെളുത്തുള്ളിയും നല്ലരീതിയിൽ ചെലവാകുന്നതും ഈ ഘട്ടത്തിലാണെന്ന് പച്ചക്കറിക്കട നടത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സവാളയും വെളുത്തുള്ളിയും വിട്ടകളി റമദാൻ മാസത്തിലുണ്ടാവാറില്ല.
റമദാന്റെ അടുക്കളയിൽ ഇവ ഉപയോഗിച്ചാണ് മിക്ക വിഭവങ്ങളും ഉണ്ടാക്കുന്നത് എന്നതുകൊണ്ടുതന്നെ ഇവക്ക് ഈ സീസണിൽ വിലകുറഞ്ഞത് ഏറെ ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞമാസം അവസാനപാദത്തിൽ വെളുത്തുള്ളിക്ക് കിലോക്ക് 500 രൂപവരെ എത്തിയിരുന്നു. അത് കഴിഞ്ഞയാഴ്ച നേർപകുതിയായി 250 രൂപയോളമെത്തി. ഇപ്പോഴത് 200 രൂപയിലെത്തിയിരിക്കുകയാണ്. അതേസമയം, കാബേജും ഉരുളക്കിഴങ്ങുമാണ് ഇതിനപവാദമായി വിലയൽപം കൂടിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് റമദാൻ തുടങ്ങിയ വേളയിൽ തന്നെയാണ് പച്ചക്കറി വിലയിൽ മാറ്റംവന്നിരിക്കുന്നത്. കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. നോമ്പ് പകുതിയാകുമ്പോൾ കച്ചവടം കുറയുമെന്നാണ് വിപണിയിലുള്ളവർ പറയുന്നത്. മിക്ക പച്ചക്കറികൾക്കും വില താഴ്ന്നത് ജനങ്ങൾക്ക് ആശ്വാസമാകുമെന്നത് തീർച്ചയാണ്. എന്നാൽ, വിഷു വരുന്നതോടെ പച്ചക്കറിവില കൂടാനാണ് സാധ്യതയെന്ന് കടയിലെ ജീവനക്കാർ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.