ഇന്ധനം തീർന്നു; കെ.എസ്.ആർ.ടി.സി ബസോട്ടം തടസ്സപ്പെട്ടു
text_fieldsകാസർകോട്: കെ.എസ്.ആർ.ടി.സിയുടെ കാസർകോട് ഡിപ്പോയിൽ വീണ്ടും ഇന്ധനക്ഷാമം. ഇതേ തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ പത്തിലേറെ ട്രിപ്പുകൾ മുടങ്ങി. ആഴ്ചകൾക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനക്ഷാമം കാരണം ബസ് സർവിസ് നിർത്തിവെക്കേണ്ടി വന്നത്. അടിക്കടി സർവിസുകൾ മുടങ്ങുന്നത് യാത്രക്കാരെയും പെരുവഴിയിലാക്കി. മംഗളൂരു ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന സർവിസുകളാണ് തടസ്സപ്പെട്ടത്.
ഡിപ്പോയിലേക്ക് പ്രാദേശികമായാണ് ഡീസൽ വാങ്ങുന്നത്. പമ്പുടമക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശികയായി കെ.എസ്.ആർ.ടി.സി അധികൃതർ നൽകാനുണ്ട്. കുടിശ്ശിക തീർക്കാതെ ഇന്ധനം നൽകാനാവില്ലെന്ന നിലപാടിലാണ് പമ്പുടമ. ഇതോടെ ഡിപ്പോയിൽ സ്റ്റോക്ക് തീരുകയും സർവിസുകളെ ബാധിക്കുകയുമായിരുന്നു.
ലക്ഷങ്ങളുടെ കുടിശ്ശികയാണ് പമ്പുടമക്ക് നൽകാനുള്ളത്. ഇത് ആവശ്യപ്പെട്ട് പല തവണ പമ്പുടമ കെ.എസ്.ആർ.ടി.സിയെ സമീപിച്ചിരുന്നു. കാത്തിരിപ്പുകൾക്കൊടുവിലാണ് ഇനി ഇന്ധനം നൽകില്ലെന്ന നിലപാട് പമ്പുടമ സ്വീകരിച്ചത്.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ രണ്ടാം ദിവസവും ട്രിപ്പുകൾ മുടങ്ങുമെന്ന ആശങ്കയിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. ആഴ്ചകൾക്കു മുമ്പും ഇന്ധന ക്ഷാമം വന്നപ്പോൾ അന്തർസംസ്ഥാന സർവിസുകളെയാണ് സാരമായി ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.