അഴിമതിക്കാർക്കെതിരെ വിജിലൻസ് നടപടി ശിപാർശകൾ കടലാസിലൊടുങ്ങി
text_fieldsകാസർകോട്: കൈക്കൂലി വാങ്ങിയത് കൈയോടെ പിടിക്കപ്പെട്ടതുൾപ്പെടെ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ നടപടിക്ക് നിർദേശിച്ച സംസ്ഥാനത്തെ 500 ഓളം ശിപാർശകൾ കടലാസിൽ ഒടുങ്ങി. ജില്ല ബ്യൂറോകൾ വിജിലൻസ് ഡയറക്ടർക്ക് അയച്ച നടപടി ശിപാർശ റിപ്പോർട്ടുകളാണ് അഴിമതിക്കാർക്ക് സംരക്ഷണമായി ചുവപ്പു കടലാസിൽ ഉറങ്ങുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നടപടിക്ക് ശിപാർശ ചെയ്തത് കാസർകോട് ജില്ല വിജിലൻസ് ബ്യൂറോയാണ്. 103 മിന്നൽ പരിശോധനകളാണ് 2021-2022 വർഷം വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്നത്. സാധാരണ 50ൽ താഴെ മാത്രം പരിശോധനകളാണ് നടക്കുക.
അഴിമതികൊണ്ടു പൊറുതിമുട്ടുന്നുവെന്നതിന്റെ ആഴം വ്യക്തമാക്കുന്നതാണ് കൂടിയ തോതിലുള്ള മിന്നൽ പരിശോധനകൾ. മിന്നൽ പരിശോധനയിൽ കാസർകോട് ജില്ലയിൽനിന്നും 53 ഉദ്യോഗസ്ഥർക്കെതിരെ ‘ഉചിത’മായ നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത് 400ൽ പരമാണുള്ളത്. എന്നാൽ, ട്രാപ്പിൽ കുടുങ്ങിയവർ അതേ ഇരിപ്പിടത്തിൽ തുടരുകയാണ്. പരാതിക്കാർ അതേ ഉദ്യോഗസ്ഥനെ തന്നെ സമീപിക്കേണ്ട അവസ്ഥയാണ്.
മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ എം.വി.ഐ, എ.എം.വി.ഐ 15, റവന്യൂ വിഭാഗത്തിൽ വില്ലേജ് ഓഫിസർ, വില്ലേജ് അസി. 15, സബ് രജിസ്ട്രാർ ഓഫിസിലെ അഞ്ച് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ഓഫിസുകളിലെ അസി. എൻജിനീയർമാരുൾപ്പെടെ 12പേർ, പൊതുമരാമത്ത്, മൈനർ ഇറിഗേഷൻ വിഭാഗത്തിൽ എട്ട് പേർ എന്നിങ്ങനെയാണ് ജില്ലയിൽ മാത്രം നടപടിക്ക് ശിപാർശ ചെയ്തത്.
വെള്ളരികുണ്ട് ആർ.ടി.ഓഫിസിൽ കൈക്കൂലി വാങ്ങിയതിന് പിടിക്കപ്പെട്ടയാൾ, സർക്കാർ സ്ഥലത്ത് നിർമിച്ച കെട്ടിടത്തിന് നമ്പർ നൽകിയ പഞ്ചായത്ത് സെക്രട്ടറി, സബ് രജിസ്ട്രാർ ഓഫിസർമാർ, അസി. എൻജിനീയർമാർ എന്നിങ്ങനെയുള്ളവർ ഇപ്പോഴും അതേ സീറ്റിൽ തുടരുകയാണ്. ഒരു പരാതി ലഭിച്ച് ഡയറക്ടർക്ക് അയച്ച് അനുമതിയോടെയാണ് ട്രാപ് ഒരുക്കുന്നത്. പ്രഥമദൃഷ്ട്യാ തെളിയുന്ന അഴിമതിക്കാർപോലും കസേരയിൽനിന്ന് ഇളകുന്നില്ല എന്നതാണ് സ്ഥിതി.
പരാതിക്കാർ നിരാശരാകുന്ന സ്ഥിതിയാണെന്നാണ് വിജിലൻസിന്റെ തന്നെ പരാതി. അന്വേഷണവിധേയമായ സസ്പെൻഷൻ, ജില്ല വിട്ടുള്ള സ്ഥലം മാറ്റങ്ങൾ, ശമ്പളം തടയൽ തുടങ്ങിയ ശിക്ഷാവിധികളാണുണ്ടാകുക. ജോലിയിൽനിന്ന് തന്നെ പിരിച്ചുവിടാനും സർക്കാറിനു സാധിക്കും. എന്നാൽ, വിജിലൻസിന്റെ ശിപാർശകൾക്ക് മറുപടിയുണ്ടാകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.