പുനർഗേഹം ഇഴഞ്ഞുനീങ്ങുന്നു; മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ
text_fieldsകാസർകോട്: സംസ്ഥാന തുറമുഖ-ഫിഷറീസ് വകുപ്പ് കോയിപ്പാടി വില്ലേജിലെ മത്സ്യത്തൊഴിലാളികൾക്കായി ആവിഷ്കരിച്ച പുനരധിവാസ പദ്ധതി ‘പുനർഗേഹം’പാർപ്പിട സമുച്ചയ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതായി പരാതി. കടൽക്ഷോഭത്തിൽനിന്ന് കരകയറാനും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതസാഹചര്യം ഉയർത്തുക എന്ന ലക്ഷ്യത്തോടെയുമുള്ളതാണ് പദ്ധതി.
കോയിപ്പാടി വില്ലേജിൽ നാരായണമംഗലത്താണ് സംസ്ഥാന തുറമുഖ-ഫിഷറീസ് വകുപ്പ് സംയുക്തമായി 22.05 കോടി രൂപ ചെലവിൽ പാർപ്പിടസമുച്ചയം പണിയുന്നത്. 2021ലാണ് ഇതിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമായത്. 2024ഓടെ പദ്ധതി പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും വർഷം മൂന്ന് പിന്നിട്ടിട്ടും പകുതി ജോലിപോലും ഇതുവരെയായിട്ടില്ല എന്നതാണ് പരാതി. നിർമാണപുരോഗതി വിലയിരുത്തിയാൽ 2026ലെങ്കിലും പണി പൂർത്തിയാകുമോ എന്നതും സംശയമാണ്.കുമ്പളയിൽ മാത്രം 120 പാർപ്പിടസമുച്ചയമാണ് നിർമിക്കുന്നത്.
10 ലക്ഷം രൂപ യൂനിറ്റ് ചെലവ് വരുന്ന 120 ഫ്ലാറ്റിനായാണ് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നത്. 480 ചതുരശ്രയടി വിസ്തൃതിയിൽ രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, ശുചിമുറി സൗകര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. അംഗൻവാടി കെട്ടിടം, ചുറ്റുമതിൽ നിർമാണം, കുടിവെള്ള പദ്ധതി, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും പദ്ധതിയിൽ ഇടംപിടിച്ചിരുന്നു. പാർപ്പിട സമുച്ചയത്തിന് സമീപത്തായി ആരോഗ്യ കേന്ദ്രവും വായനശാലയും കളിസ്ഥലവും സ്ഥാപിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചിരുന്നു. പദ്ധതി വൈകുന്നതിൽ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്. ജില്ലയിലെ മറ്റുള്ള വികസനപദ്ധതികൾക്കൊക്കെയുണ്ടായ അവസ്ഥ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിക്കും ഉണ്ടാവരുതെന്നാണ് അവർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.