ബേക്കലിൽ റിസോർട്ട് നിർമാണം പുനരാരംഭിക്കുന്നു
text_fieldsകാസർകോട്: ബേക്കലിൽ പാതിവഴിയിൽ മുടങ്ങിയ റിസോർട്ട് നിർമാണത്തിന് പുതുജീവൻ. കാസർകോടിെൻറ വിനോദസഞ്ചാര മേഖലക്ക് മുതൽക്കൂട്ടാവുന്ന റിസോർട്ട് നിർമാണം ഉടൻ പുനരാരംഭിക്കും. ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ ബേക്കൽ റിസോർട്ട് വികസന കോർപറേഷൻ പ്രദേശത്ത് വർഷങ്ങളായി മുടങ്ങിക്കിടന്ന പഞ്ചനക്ഷത്ര ഹോട്ടലിെൻറ നിമാണമാണ് പുനരാരംഭിക്കുന്നത്.
പ്രവൃത്തി തുടങ്ങുന്നതിെൻറ മുന്നോടിയായി റിസോർട്ട് നിർമാതാക്കളായ ഗ്ലോബ് ലിങ്ക് ഹോട്ടൽസ് ബേക്കൽ റിസോർട്ട് വികസന കോർപറേഷന് നൽകാനുണ്ടായിരുന്ന മുഴുവൻ പാട്ട കുടിശ്ശികയും അടച്ചുതീർത്തു. നാലര കോടിയോളം രൂപയാണ് കുടിശ്ശികയുണ്ടായിരുന്നത്.
150ഓളം റൂമുകളുള്ള ഈ നക്ഷത്ര ഹോട്ടൽ സമുച്ചയത്തിൽ കൺവെൻഷൻ സെൻററും ഉൾപ്പെടും. ബേക്കൽ ബീച്ചിന് അഭിമുഖമായി കമ്പനിക്ക് നൽകിയ മൂന്നേക്കറിൽ റിസോർട്ടിലെത്തുന്നവർക്ക് പുഴയിലൂടെ ബോട്ടിൽ വന്ന് കടലോര സൗന്ദര്യമൊരുക്കാനുള്ള സൗകര്യവുമുണ്ട്. 1992ൽ കേന്ദ്ര സർക്കാർ ബേക്കലിനെ പ്രത്യേക ടൂറിസം മേഖലയായി പ്രഖ്യാപിച്ചതോടെയാണ് ബേക്കൽ ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കപ്പെട്ടത്.
235 ഏക്കർ ഏറ്റെടുത്ത് ഏകദേശം 40 ഏക്കർ വീതം പള്ളിക്കര, ചെമ്മനാട്, ഉദുമ, അജാനൂർ എന്നീ നാല് പഞ്ചായത്തുകളിലായി ആറു കമ്പനികൾക്ക് പാട്ടതിന് നൽകി. റിസോർട്ടുകളിലേക്കും മറ്റുമായി നിരവധി റോഡുകളാണ് സർക്കാർ ടൂറിസത്തിനായി നിർമിച്ചത്.
മലാംകുന്നിലെ റിസോർട്ട് പദ്ധതി പുനരാംരഭിക്കുന്നതോടെ മറ്റ് റിസോർട്ട് ഏറ്റെടുത്ത കമ്പനികളും പണി പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബേക്കൽ റിസോർട്ട് വികസന കോർപറേഷൻ എം.ഡികൂടിയായ ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. പഞ്ചായത്തുകൾക്ക് നികുതിയിനത്തിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ജി.എസ്.ടി ഉൾപ്പടെ വൻ വരുമാനം റിസോർട്ടുകളിൽനിന്നും ലഭിക്കും. ബേക്കൽ ടൂറിസം പദ്ധതി പൂർത്തിയാവുന്നതോടെ ഒരു ലക്ഷം പേർക്ക് നേരിട്ടും പരോക്ഷമായും ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.