മംഗളൂരുവിൽ പൊതുയോഗം, ഘോഷയാത്രകൾ എന്നിവക്ക് നിയന്ത്രണം
text_fieldsമംഗളൂരു: വരുന്ന ഉത്സവ സീസണിൽ പൊതുയോഗവും ഘോഷയാത്രയും പൂർണമായും നിയന്ത്രിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമീഷണർ ഡോ. കെ.വി. രാജേന്ദ്ര. പ്രസ് ക്ലബിൽ 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ കന്നഡ മതപരമായ സ്ഥലങ്ങൾക്ക് പേരുകേട്ടതാണ്. നാഗര പഞ്ചമി, ഗണേശ ചതുർഥി തുടങ്ങി നിരവധി ഉത്സവങ്ങൾ അടുത്ത ഒരു മാസത്തിൽ വരുന്നുണ്ട്.
ഈ ഉത്സവങ്ങൾ പൊതുയോഗം ഒഴിവാക്കി ലളിതമായി നടത്തേണ്ടതുണ്ട്. ഗണേശ ചതുർഥി സമയത്ത് പൊതുസ്ഥലങ്ങളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതും ഘോഷയാത്രകൾ നടത്തുന്നതും ഒരു ദിവസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. മാർഗനിർദേശങ്ങൾ മിക്കവാറും ദസറ വരെ ബാധകമായിരിക്കും. സാഹചര്യങ്ങൾക്ക് അനുസരിച്ച് മാർഗനിർദേശങ്ങൾ കർശനമാക്കുകയോ ഇളവ് വരുത്തുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ സഹകരണം വളരെ പ്രധാനമാണ്. പകർച്ചവ്യാധി നേരിടുന്നതിൽ ജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്തത്തിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. മാസ്ക് ധരിക്കണം, ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം, എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ പരിശോധനക്ക് വിധേയമാകണം. കോവിഡ് കെയർ സെൻററുകളിലേക്ക് മാറാൻ താൽപര്യമില്ലാത്തതിനാൽ ചിലർ പരിശോധന ഒഴിവാക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.