ജില്ലക്ക് പ്രതീക്ഷ നൽകി റൈസിങ് കാസര്‍കോടിന് ഇന്ന് തുടക്കം
text_fieldsകാസർകോട്: ജില്ലയിൽ ആയിരം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിച്ച് റൈസിങ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് ഉദുമ ലളിത് ഹോട്ടലില്‍ തിങ്കളാഴ്ച തുടക്കമാകും. ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച് ജില്ല വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന സംഗമം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്, എം. രാജഗോപാലന്‍, എ.കെ.എം. അഷ്റഫ് എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ ആമുഖപ്രഭാഷണം നടത്തും. ജില്ലയുടെ വികസനവും തൊഴില്‍ സാധ്യതകളുമാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയിലെ സംരംഭകരുടെയും യുവാക്കളുടെയും ആശയങ്ങളും പ്രോജക്ടുകളും ജില്ലക്കകത്തും പുറത്തുമുള്ള നിക്ഷേപകരുടെ മുന്നില്‍ അവതരിപ്പിക്കും.
ചെറുകിട വന്‍കിട വ്യവസായവുമായി ബന്ധപ്പെട്ട് എട്ടും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് അഞ്ചും വിവര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് രണ്ടും പ്രോജക്ട് ആശയങ്ങളാണ് അവതരിപ്പിക്കുന്നത്. കൂടാതെ കുടുംബശ്രീയുടെയും ആരോഗ്യമേഖലയുടെയും പ്രത്യേകം പ്രോജക്ട് ആശയങ്ങള്‍ അവതരിപ്പിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനുശേഷം ഉച്ചക്ക് 12ന് കാസര്‍കോടിന്റെ അനന്ത സാധ്യതകള്‍ എന്ന വിഷയത്തില്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണുവും കേരളത്തിന്റെ വ്യവസായനയം എന്ന വിഷയത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ക്ലാസ് അവതരിപ്പിക്കും. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഉച്ചക്ക് രണ്ടിന് ജില്ല വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദില്‍ മുഹമ്മദ്, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, സയ്യിദ് സവാദ് (സ്റ്റാര്‍ട്ട് അപ് മിഷന്), എം.എന്‍. പ്രസാദ് (നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കമേഴ്സ് ) എന്നിവര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ പ്രൊജക്ട് ആശയങ്ങള്‍ അവതരിപ്പിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും.
വൈകീട്ട് നാലിന് പിന്തുണാസംവിധാനങ്ങളെക്കുറിച്ച് കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണന് ക്ലാസെടുക്കും. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
വൈകീട്ട് അഞ്ചിന് വിവിധ നിക്ഷേപകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കും. ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് ജില്ലയിലെ ആരോഗ്യ മേഖലയിലെ നിക്ഷേപ സാധ്യതകളുമായി ബന്ധപ്പെട്ട് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. രാംദാസ് വിഷയം അവതരിപ്പിക്കും.
10.30ന് മാലിന്യ നിര്‍മാര്‍ജന രംഗത്തെ നിക്ഷേപ സാധ്യതകള്‍ എന്ന വിഷയം തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് അവതരിപ്പിക്കും. ആയുഷ് ടൂറിസത്തിന്റെ സാധ്യതകളും എഫ്.സി.ഐകള്‍ക്ക് വേണ്ടിയുള്ള കണ്സോര്ഷ്യമുണ്ടാക്കുന്നതും സംബന്ധിച്ച് സിവില്‍ സപ്ലൈസ് കമീഷണറും നാഷനല്‍ ആയുഷ് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടറുമായ ഡോ.ഡി. സജിത് ബാബു വിഷയാവതരണം നടത്തും.
നിര്‍മാണ മേഖലയിലെ നിക്ഷേപക സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ. ജി.ശങ്കറും തുടര്‍ന്ന് കാസര്‍കോടിന്റെ വികസനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ എന്ന വിഷയത്തില്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. ബാലകൃഷ്ണനും ക്ലാസെടുക്കും. കുടുംബശ്രീയിലൂടെ പ്രാദേശിക സാമ്പത്തിക വികസനം എന്ന വിഷയം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് അവതരിപ്പിക്കും.
സംഗമത്തിന്റെ സമാപനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിക്ഷേപക സംഗമത്തില്‍ നിക്ഷേപകര്‍ അംഗീകരിച്ച പദ്ധതി ആശയങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കും.
ജില്ലയിലെ എം.എൽ.എമാർക്ക് പറയാനുള്ളത്...
റൈസിങ് കാസർകോട് നിക്ഷേപക സംഗമം ജില്ലയുടെ വ്യവസായ വികസന ചരിത്ര പന്ഥാവിൽ പുത്തൻ അധ്യായം രചിക്കും. ജില്ലയുടെ പ്രാദേശിക വികസനം ലക്ഷ്യമിട്ട് നടത്തുന്ന നിക്ഷേപക സംഗമത്തിൽ ചർച്ച ചെയ്യുന്ന പദ്ധതികൾ പ്രയോഗവത്കരിക്കാൻ സർക്കാരും തദ്ദേശസ്ഥാപനങ്ങളും ഒപ്പമുണ്ട് -എം രാജഗോപാലൻ എം.എൽ.എ
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ 82 ഏക്കർ സ്ഥലമാണ് വ്യവസായ വകുപ്പിന് വിട്ടു നൽകിയത്. ഈ പ്രദേശം ഉൾപ്പെടെ ജില്ലയിൽ ലഭ്യമായ സർക്കാർ ഭൂമികൾ വ്യവസായ സംരംഭങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും. ഇത്തരത്തിൽ വ്യവസായികളെ ആകർഷിക്കുന്നതിലൂടെ വ്യവസായ മേഖലയിൽ പിന്നാക്കം നിൽക്കുന്ന ജില്ലയുടെ വികസനം സാധ്യമാകും. തൊഴിലവസരങ്ങൾ വർധിക്കും - ഇ. ചന്ദ്രശേഖരൻ എം.എൽ.എ
ജില്ലയിലെ ഭൗതിക പശ്ചാത്തലം വളരെ മെച്ചപ്പെട്ടതാണ്. അതുകൊണ്ടുതന്നെ നിക്ഷേപം നടത്താൻ നിക്ഷേപകർ സഹകരിക്കും. കാസർകോടിന്റെ വ്യവസായ വികസനത്തിന് ഉതകുന്ന രീതിയിൽ എല്ലാവരുടെയും സഹകരണം ഉണ്ടാവണം - സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ
റൈസിങ് കാസര്‍കോട് നിക്ഷേപക സംഗമം ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതിയാണ്. കാസർകോട് ജില്ല ഏറെ പ്രവാസികൾ ഉള്ള നാടാണ്. ഗൾഫ് നാടുകളിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വലിയ വ്യവസായ സംരംഭത്തിന് നേതൃത്വം നൽകുന്നതു ജില്ലയിലെ ആളുകളാണ്. അവർക്ക് സ്വന്തം ജില്ലയിൽ നിക്ഷേപം നടത്താൻ സാധിച്ചാൽ ജില്ലക്ക് വ്യവസായ രംഗത്തും വാണിജ്യരംഗത്തും ഒരുപാട് കുതിച്ചുചാട്ടം നടത്താനാവും. റൈസിങ് കാസർകോട് നിക്ഷേപക സംഗമത്തിന് അതിന് സാധിക്കട്ടെ- എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ
നമ്മളെല്ലാവരും ആഗ്രഹിക്കുന്നത് കാസർകോടിന്റെ വികസനമാണ്. റൈസിങ് കാസർകോട് നിക്ഷേപക സംഗമം ജില്ലയുടെ വ്യവസായ ഭൂപടത്തിൽ മികച്ച അടയാളം രേഖപ്പെടുത്തും. -എ.കെ.എം. അഷ്റഫ് എം.എൽ.എ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.