റൈസിങ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് 18ന് തുടക്കം
text_fieldsകാസർകോട്: ജില്ലയുടെ നിക്ഷേപ സാധ്യതകള്‍ക്ക് കരുത്തു പകരാന്‍ ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച് ജില്ല വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന റൈസിങ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് സെപ്റ്റംബര്‍ 18ന് തുടക്കമാകും. ഉദുമ ലളിത് ഹോട്ടലില്‍ നടക്കുന്ന സംഗമം 18ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. ജില്ലയുടെ വികസനവും തൊഴില്‍ സാധ്യതകളുമാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, ജില്ല കലക്ടർ കെ. ഇമ്പശേഖർ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 1000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ ജില്ലയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.
ജില്ലയിലെ സംരംഭകരുടെയും യുവാക്കളുടെയും ആശയങ്ങളും പ്രോജക്ടുകളും ജില്ലക്കകത്തും പുറത്തുമുള്ള നിക്ഷേപകരുടെ മുന്നില്‍ അവതരിപ്പിക്കും. ഇതിനായി 15 പ്രോജക്ട് ആശയങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. ചെറുകിട വന്‍കിട വ്യവസായവുമായി ബന്ധപ്പെട്ട് എട്ടും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് അഞ്ചും വിവര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് രണ്ടും ആശയങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കൂടാതെ കുടുംബശ്രീയുടെയും ആരോഗ്യ മേഖലയുടെയും പ്രത്യേകം പ്രോജക്ട് ആശയങ്ങള്‍ അവതരിപ്പിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഏറ്റവും കൂടുതല്‍ റവന്യൂ ഭൂമിയുള്ള ജില്ലയില്‍ നിക്ഷേപത്തിനുള്ള അനുകൂല അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാവുന്നതോടെ എത്ര റവന്യൂ ഭൂമിയുണ്ടെന്ന കൃത്യമായ കണക്ക് ലഭ്യമാകുമെന്നും ഈ ഭൂമിയില്‍ വ്യവസായ വികസനം നടപ്പാക്കാനുള്ള സാധ്യതകള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂര്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. മനു, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, ജില്ല വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ആദില്‍ മുഹമ്മദ് എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.