തുറന്നുകൊടുത്തു; ‘പണി’യാകുമോ...
text_fieldsകാസർകോട്: കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാന പാതയിലെ ചന്ദ്രഗിരി ജങ്ഷൻ മുതൽ പുലിക്കുന്നുവരെയുള്ള പാത അടച്ചിട്ടുള്ള ഇന്റർലോക്ക് പാകൽ പണി ഒരുവിധത്തിൽ തീർത്ത് ശനിയാഴ്ച തുറന്നുകൊടുത്തു.
അതേസമയം, കണ്ണിൽപൊടിയിടാൻ മാത്രമാണ് ഇങ്ങനെയൊരു നിർമാണ പ്രവൃത്തിയെന്ന് നാട്ടുകാരും യാത്രക്കാരും ആരോപിക്കുന്നു. ഏറെ നാളായി ഇവിടങ്ങളിൽ യാത്ര ദുസ്സഹമായിരുന്നു.
ഇന്റർലോക്ക് പാകൽ ഒരുപരിധിവരെ ആശ്വാസമാകുമെങ്കിലും അശാസ്ത്രീയമായ നിർമാണപ്രവൃത്തിയെന്നാണ് പരക്കെ ആക്ഷേപമുണ്ടായിരിക്കുന്നത്. നിർമാണ പ്രവൃത്തിക്കിടെ നാട്ടുകാർ ഇടപെട്ട് കാലതാമസത്തിൽ ഒച്ചപ്പാടുണ്ടായിരുന്നു. പിന്നാലെയാണ് തിരക്കിട്ട് നിർമാണപ്രവൃത്തി തീർത്തതും റോഡിപ്പോൾ തുറന്നുകൊടുത്തതും. റോഡിൽ ഇന്റർലോക്ക് പാകാനായി അടച്ചത് സെപ്റ്റംബർ 19നായിരുന്നു.
പണി തുടങ്ങിയപ്പോൾ മഴ വന്നതും പണി നീളാൻ കാരണമായിരുന്നു. കൂടാതെ, ഇന്റർലോക്ക് പാകിയത് വെള്ളം ഉറവ വന്ന് കിനിഞ്ഞിറങ്ങുന്ന സ്ഥലത്താണെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ആത്യന്തിക പരിഹാരം കോൺഗ്രീറ്റ് മാത്രമാണെന്നും ഇത് പെട്ടെന്നുതന്നെ ഇളകിവരാൻ ഇടയാക്കുമെന്നും ജനങ്ങൾ പറയുന്നുണ്ട്.
ഇതുകൊണ്ട് കുറെ ഫണ്ട് ചെലവഴിച്ചതല്ലാതെ ഒരു ഗുണവുമില്ലെന്നും ഇനിയും സംസ്ഥാനപാതയിലെ നിരവധി കുഴികൾ അടക്കാനുണ്ടെന്നും അപകടങ്ങൾ തുടരുമ്പോൾ ഈ കുഴികൾ കൂടി അടച്ചിരുന്നെങ്കിൽ എന്നാണ് യാത്രക്കാരുടെ പ്രധാന ചോദ്യം.
ഇന്റർലോക്ക് പാകൽ തുടങ്ങിയപ്പോൾ പല പ്രാവശ്യം മണ്ണ് നീക്കിയും ഇന്റർലോക്ക് പാകിയും എടുത്തും ലെവലാക്കാൻ കഷ്ടപ്പെടുന്ന കാഴ്ചയാണ് മുമ്പ് കണ്ടിരുന്നത്.
കോൺഗ്രീറ്റ് പ്രവൃത്തി മാത്രമാണ് ശാശ്വത പരിഹാരമാണെന്ന് യാത്രക്കാരും ബസ് തൊഴിലാളികളും മറ്റും പറഞ്ഞിരുന്നെങ്കിലും ഇന്റർലോക്ക് പാകുകയായിരുന്നു. നിർമാണ പ്രവൃത്തി നടന്ന റോഡിലെ ഡ്രെയ്നേജ് മൂടിയതും ആഴമില്ലാത്തതും ഒരു മഴ പെയ്താൽ റോഡ് തകരാൻ കാരണമാകുമെന്നാണ് പ്രദേശവാസികളടക്കം പറയുന്നത്. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധവുമുണ്ട്. അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുന്നതിനുമുന്നേ ഈ റോഡ് തുറന്നുകൊടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് തിരക്കിട്ടിപ്പോൾ പണി പൂർത്തിയാക്കിയിരിക്കുന്നത്. ഇനി വാഹനങ്ങൾ നീങ്ങിത്തുടങ്ങിയിട്ടുവേണം കണ്ടറിയാൻ എത്രകാലം അതിവിടെ നിൽക്കുമെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.