തകർന്ന് കുളമായി റോഡുകൾ; നടുവൊടിഞ്ഞ് യാത്രക്കാർ
text_fieldsമൊഗ്രാൽ: ദേശീയപാത സർവിസ് റോഡുകൾ തകർന്ന് കുളമായി. തോരാതെ പെയ്യുന്ന തീവ്ര മഴയിൽ റോഡിലൂടെ യാത്ര ദുസ്സഹമാവുകയാണ്. ഉപ്പള-കാസർകോട് സർവിസ് റോഡുകളിലാണ് നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
നിർമാണ കമ്പനി അധികൃതരുടെ വിദ്യകളൊന്നും കുത്തിയൊലിച്ചുവരുന്ന മഴവെള്ളത്തെ ചെറുക്കാനാവുന്നില്ല. കുഴികളിൽ കൊണ്ടിടുന്ന കല്ലും പൊടികളും ഒലിച്ചുപോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. അശാസ്ത്രീയമായി നിർമിച്ച ഓവു ചാലുകളൊക്കെ നോക്കുകുത്തിയായി. ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകാത്ത അവസ്ഥയാണ്.
മിക്കയിടങ്ങളിലും ഓവുചാൽ നിർമാണം പാതിവഴിയിലുമാണ്.കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ സർവിസ് റോഡുകൾ പുഴയായി മാറി. അതുകൊണ്ടുതന്നെ വെള്ളക്കെട്ടിൽ യാത്രക്കാർ മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. കുഴികൾ കാണാതെയുള്ള അപകടം വേറെയും. ഇരുചക്ര വാഹനക്കാരാണ് ഏറെയും അപകടത്തിൽപെടുന്നത്. ഗതാഗതം പുതിയ റോഡിലേക്ക് വഴിതിരിച്ചുവിടണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊള്ളുന്നുമില്ല. ഇവിടെ കഴിഞ്ഞ ഒരാഴ്ചയായി ഗതാഗതം തടസ്സപ്പെടുന്നതരത്തിലാണ് വെള്ളക്കെട്ടും റോഡ് തകർച്ചയും.ജില്ലയിലെ പലഭാഗങ്ങളിലും റോഡുകൾ, ഓവുചാലുകൾ പൂർണമായി നിർമിക്കുന്നതിന് മുമ്പ് വൻ മതിലുകളാൽ കെട്ടിയടച്ചത് ദുരിതം വർധിപ്പിച്ചു. വെള്ളം ഒഴുകിപ്പോകാൻ പറ്റാത്ത അവസ്ഥയുണ്ടായി. നടപ്പാത നിർമാണം എങ്ങുമെത്താത്തത് കാൽനടക്കാരെയും ഏറെ ദുരിതത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.