കാത്തിരിക്കാം നാലാഴ്ച; എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ചുലക്ഷം കൊടുക്കാനുള്ള സമയപരിധി നിശ്ചയിച്ചതിൽ പ്രതീക്ഷ
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും അഞ്ചുലക്ഷമെന്ന ചരിത്രവിധി നടപ്പാക്കാൻ നാലാഴ്ച കൂടി സമയം നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിൽ പ്രതീക്ഷയോടെ ജില്ല. എല്ലാവർക്കും അഞ്ചുലക്ഷം നൽകാൻ സംസ്ഥാന സർക്കാർ തത്ത്വത്തിൽ തീരുമാനിക്കുകയും ഇതിനായി തുക അനുവദിക്കുകയും ചെയ്തതിനാൽ വിധി നടപ്പാകുമെന്നുറപ്പ്. എങ്കിലും പരമോന്നത കോടതി നിശ്ചയിച്ച സമയപരിധിയിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സെർവ് കലക്ടിവ് കൂട്ടായ്മ നൽകിയ ഹരജിയിൽ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി. നാലാഴ്ചക്കകം തുക കൈമാറിയശേഷം ആ വിവരം കോടതിയെ അറിയിക്കണമെന്നും സംസ്ഥാന സർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാൻ 200 കോടി രൂപയാണ് കഴിഞ്ഞമാസം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ദുരിതബാധിതരായ എല്ലാവർക്കും അഞ്ചുലക്ഷം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിൽ വിശദീകരണം തേടിയതിനെ തുടർന്നാണ് സംസ്ഥാനത്തിന്‍റെ പ്രഖ്യാപനമുണ്ടായത്. നഷ്ടപരിഹാരത്തുക ഉടൻ നൽകണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി രണ്ടുതവണ ഉത്തരവിട്ടിട്ടും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സെർവ് കലക്ടിവ് കൂട്ടായ്മയാണ് അന്നും കോടതിയെ സമീപിച്ചത്. നാലാഴ്ചക്കകം വിശദീകരണം നൽകാൻ കോടതി നിർദേശിച്ചതോടെയാണ് 200 കോടി അനുവദിക്കാൻ തീരുമാനിച്ചത്.
ആകെ രോഗികൾ 6728 പേർ
ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതരായി ആകെയുള്ളത് 6728 പേരാണ്. ഇതിൽ ഇനി 3714 പേർക്ക് നഷ്ടപരിഹാരത്തുകയായ അഞ്ചുലക്ഷം ലഭിക്കാനുണ്ട്. 1568 പേർക്ക് മൂന്നുലക്ഷം നൽകി. ഇവർക്ക് ഇനി രണ്ടുലക്ഷം കൂടി നൽകാനുണ്ട്. 371 കിടപ്പുരോഗികളിൽ 269 പേർക്ക് അഞ്ചുലക്ഷം നൽകി. ഈ വിഭാഗത്തിൽ ഇനി 102 പേർക്ക് അഞ്ചുലക്ഷം ലഭിക്കാനുണ്ട്.
ബുദ്ധിമാന്ദ്യം സംഭവിച്ചവരായി 1499 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 1,173 പേർക്ക് അഞ്ചുലക്ഷം നൽകി. ഇനി 326 പേർക്കുകൂടി ലഭിക്കണം. ഭിന്നശേഷി വിഭാഗത്തിൽ 1,189 പേരാണ് പട്ടികയിൽ. ഇവരിൽ 988പേർക്ക് മൂന്നുലക്ഷം രൂപ വീതം നൽകി. ഇത്രയുംപേർക്ക് ഇനി രണ്ടുലക്ഷം കിട്ടണം. ഈ വിഭാഗത്തിൽ 201 പേർക്ക് മുഴുവൻ തുകയും ലഭിക്കാനുണ്ട്. പട്ടികയിൽ 699 പേർ അർബുദ രോഗികളാണ്. ഈ വിഭാഗത്തിൽ 580 പേർക്ക് മൂന്നുലക്ഷം നൽകി. ഇവർക്കിനി രണ്ടുലക്ഷവും നൽകണം. 119 പേർക്ക് അഞ്ചുലക്ഷം വിതരണം ചെയ്യാനുണ്ട്. മറ്റ് വിഭാഗത്തിലായി 2,970 പേരാണ് പട്ടികയിലുള്ളത്. ഇവരിൽ നാലുപേർക്ക് അഞ്ചുലക്ഷം നൽകിയതൊഴിച്ചാൽ ശേഷിക്കുന്ന 2,966 പേർക്കും അഞ്ചുലക്ഷം നൽകാനുണ്ട്. 6,728 രോഗികളിൽ 3,014 പേർക്കാണ് മൂന്നുലക്ഷം മുതൽ അഞ്ചുലക്ഷംവരെ നൽകിയത്.
സാന്ത്വന പരിചരണ കേന്ദ്രം സ്ഥാപിക്കുന്നതിലും പ്രതീക്ഷ
ദേശീയ മനുഷ്യാവകാശ കമീഷനും സുപ്രീംകോടതിയും നിർദേശിച്ച എൻഡോസൾഫാൻ സാന്ത്വന പരിചരണകേന്ദ്രം സ്ഥാപിക്കുന്ന കാര്യം ഗൗരവമായാണ് സുപ്രീംകോടതി വെള്ളിയാഴ്ചയും നിരീക്ഷിച്ചത്. ഇത് പ്രത്യേക ഹരജിയായിത്തന്നെ ഉന്നയിക്കണമെന്നും നഷ്ടപരിഹാര കേസിനൊപ്പം പരിഗണിക്കേണ്ട ഒന്നല്ലെന്നും അഭിപ്രായപ്പെട്ടു. നാലാഴ്ചക്കകം കേസ് പരിഗണിക്കുമ്പോൾ, സാന്ത്വന പരിചരണ കേന്ദ്രം വീണ്ടും ഉന്നയിക്കാനാണ് ഹരജിക്കാരായ സെർവ് കലക്ടിവിന്‍റെ തീരുമാനം. എൻഡോസൾഫാൻ ദുരിതബാധിതർക്കായി പ്രവർത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയാണ് സെർവ് കലക്ടിവ്.
ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രിയെ പരിചരണ കേന്ദ്രമാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. രോഗികൾ കുറഞ്ഞതോടെ കോവിഡ് ആശുപത്രി ജില്ലക്ക് നഷ്ടപ്പെടുമോ എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഇത്തരമൊരു നീക്കം. 2010 ഡിസംബർ 31ന് ദേശീയ മനുഷ്യാവകാശ കമീഷനാണ് സാന്ത്വന പരിചരണ കേന്ദ്രം സ്ഥാപിക്കണമെന്ന് നിർദേശിച്ചത്. ജില്ലയിലെ 11 വില്ലേജുകളിലായി കഴിയുന്ന എൻഡോസൾഫാൻ ദുരിതബാധിതർക്കായി സാന്ത്വന പരിചരണകേന്ദ്രമോ ആശുപത്രിയോ സ്ഥാപിക്കണമെന്നാണ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ സമിതി ശിപാർശ നൽകിയത്. ഇതിന്‍റെ ചുവടുപിടിച്ച് 2017ലും 2019ലും സുപ്രീംകോടതിയും എൻഡോസൾഫാൻ ഇരകൾക്ക് സാന്ത്വന പരിചരണ കേന്ദ്രമെന്ന ആവശ്യം അംഗീകരിച്ച് ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.