പി.എസ്.സി അംഗീകാരം; അഭിമാന നിറവില്‍ ജില്ല റഗ്ബി അസോസിയേഷൻ
text_fieldsകാസർകോട്: കായികയിനമായ റഗ്ബിക്ക് പി.എസ്.സി അംഗീകാരം കിട്ടിയതോടെ ജില്ല റഗ്ബി അസോസിയേഷനും അഭിമാന നിറവില്‍. 2005ലാണ് റഗ്ബി കായികയിനം ജില്ലയിലെത്തുന്നത്. ആദ്യത്തെ അഞ്ചു വര്‍ഷത്തോളം നീലേശ്വരം പള്ളിക്കര സ്വദേശി മനോജ് മാട്ടുമ്മല്‍ എന്ന കായിക സംഘാടകനാണ് ഇതിനെ കൊണ്ടുനടന്നത്. പുതിയ കായികയിനത്തെ എല്ലാവരും സംശയത്തോടെ കണ്ടപ്പോള്‍ സ്വന്തം പണം ചെലവിട്ട് ജില്ലയില്‍ റഗ്ബി താരങ്ങളെ വളര്‍ത്തി സംസ്ഥാന അസോസിയേഷന് നടത്തിയ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു. 2011ലാണ് ഏഴുപേര്‍ അടങ്ങുന്ന ജില്ല റഗ്ബി അസോസിയേഷന് രൂപവത്കരിക്കപ്പെട്ടത്.
2017-18ല്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ റഗ്ബിയെ അംഗീകരിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരമുണ്ട്. പി.എസ്.സി അംഗീകാരം കിട്ടിയതോടെ ഈ നേട്ടത്തിൽ ജില്ലക്കും അഭിമാനിക്കാനായി. അംഗീകാര നിറവിലെത്താന്‍ സംസ്ഥാന അസോസിയേഷന്റെ കൂടെ കൈമെയ് ചേര്‍ന്ന് പ്രവര്‍ത്തിച്ച അസോസിയേഷനാണ് ജില്ലയിലേത്.
ജില്ലയിലെ ആദ്യ റഗ്ബി താരവും പരിശീലകനുമായ നീലേശ്വരം സ്വദേശി മനോജ് പള്ളിക്കരയുടെ ശിക്ഷണത്തിൽ 2005 മുതല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി സംസ്ഥാന റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ജില്ലയില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയില്‍ നിലവില്‍ 12 റഗ്ബി ദേശീയ താരങ്ങളുണ്ട്. മനോജ് പള്ളിക്കരയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 5000ലധികം കുട്ടികള്‍ റഗ്ബി പരിശീലനം നേടിയിട്ടുണ്ട്.
സംസ്ഥാന അസോസിയേഷൻ റഗ്ബി ഭാരവാഹികളായ ജയകൃഷ്ണൻ, വിജുവർമ, സലിം എന്നിവരാണ് വർഷങ്ങളായി കേരളത്തിൽ റഗ്ബിയെ മുൻപന്തിയിലെത്തിക്കാൻ പ്രയഗ്നിച്ചർ. ഇവർതന്നെ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരം ലഭിക്കുന്നതിനുവേണ്ടിയും ഇപ്പോൾ പി.എസ്.സി അംഗീകാരം നേടിയെടുക്കുന്നതിനുവേണ്ടിയും പ്രവർത്തിക്കുന്നവരാണ്. നിലവിൽ മൂന്ന് അംഗീകാരവും കിട്ടുന്നതിനുവേണ്ടി അങ്ങേയറ്റം പ്രവർത്തിച്ച സംസ്ഥാന ഭാരവാഹികളെ അഭിനന്ദിക്കുന്നതോടൊപ്പം സ്റ്റേറ്റ് റഗ്ബി ജില്ലക്ക് വേണ്ട എല്ല സഹായ സഹകരണങ്ങളും ചെയ്തുതരുന്നുണ്ടെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.