കാമ്പയിനുമായി സന്നിധി സപ്തഭാഷാ സംഗമ ഭൂമിയിൽ
text_fieldsകാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സ്വമേധയാ പങ്കെടുത്ത് ഒമ്പതു വയസ്സുകാരി സന്നിധി. ഏപ്രില്‍ 26ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരെയും വോട്ട് ചെയ്യുന്നതിന് പ്രചോദിപ്പിക്കുക, അതുവഴി തെരഞ്ഞെടുപ്പില്‍ 100 ശതമാനം വോട്ടിങ് ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കര്‍ണാടകയില്‍നിന്നുള്ള ബാലിക സന്നിധിയുടെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍.
ചെറുപ്രായത്തില്‍തന്നെ ജനാധിപത്യത്തില്‍ വോട്ടവകാശത്തിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് സന്നിധിയുടെ ലക്ഷ്യം. ഗോവയിലും ഡല്‍ഹിയിലുമെല്ലാം ഈ സന്ദേശവുമായി യാത്രചെയ്യാന്‍ സന്നിധിക്ക് പിതാവ് ലോകേഷിന്റെ പൂര്‍ണപിന്തുണയുണ്ട്. സന്നിധി, പിതാവിന്റെ കൂടെ ദക്ഷിണ കന്നഡയില്‍ വിവിധ ഇടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചതിനുശേഷമാണ് കാസര്‍കോട്ടെത്തിയത്. ഓട്ടോ സ്റ്റാന്‍ഡുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വീടുകള്‍, കടകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ചെന്ന് വോട്ടര്‍മാര്‍ക്കിടയില്‍ അവബോധങ്ങള്‍ സൃഷ്ടിക്കുന്നു.
കൊങ്കിണി, മലയാളം, കന്നഡ, തുളു, ഇംഗ്ലീഷ് എന്നീ അഞ്ചുഭാഷകളിലായിട്ടാണ് പ്രചാരണം. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓരോ വ്യക്തിയും അറിഞ്ഞിരിക്കണമെന്നും,ശരിയായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തി രാജ്യത്തെ സുരക്ഷിതമാക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ഇത് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് സന്നിധി ശ്രമിക്കുന്നതെന്നും പിതാവ് ലോകേഷ് പറഞ്ഞു. ബണ്ട്വാള്‍ താലൂക്കിലെ പെരാജെയിലുള്ള ബാലവികാസ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ് സന്നിധി. ബണ്ട്വാളിലെ കശേകോടിയാണ് സ്വദേശം.
സപ്തഭാഷാസംഗമ ഭൂമിയായ ജില്ലയിലും ബോധവത്കരണത്തിന് പ്രവര്‍ത്തിക്കാന്‍ താൽപര്യമുണ്ടെന്ന് കലക്ടര്‍ കെ. ഇമ്പശേഖറിനോട് അറിയിക്കുകയും അദ്ദേഹം സ്വീപ് പ്രവര്‍ത്തനങ്ങളില്‍ സന്നിധിയുടെ പങ്കാളിത്തം സ്വാഗതം ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.