തൊഴിലിൽ പുത്തന്‍ അവസരങ്ങളൊരുക്കി പട്ടികജാതി വികസന വകുപ്പ് ഐ.ടി.ഐകള്‍
text_fieldsകാസർകോട്: തൊഴില്‍ നേടാന്‍ പുത്തന്‍ അവസരങ്ങളൊരുക്കുകയാണ് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐകള്‍. നിര്‍ധനരായ പട്ടികവിഭാഗത്തിലെ കുട്ടികളുടെ തൊഴില്‍ ലഭ്യത കേന്ദ്രങ്ങളായി മാറുകയാണ് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐകള്‍. ജില്ലയില്‍ ചെറുവത്തൂര്‍, നീലേശ്വരം, ബേള എന്നിവിടങ്ങളിലാണ് പട്ടികജാതി വികസനവകുപ്പിന് കീഴില്‍ ഐ.ടി.ഐകള്‍ പ്രവര്‍ത്തിക്കുന്നത്. ആധുനിക രീതിയിലുള്ള പഠന സംവിധാനമാണ് ഇവിടെ നിലവിലുള്ളത്.
നാഷനല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രം വര്‍ക്ക് മാതൃകയിലുള്ള ട്രെയിനിങ് നല്കി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. കൂടാതെ സര്‍ക്കാരിന്റെ തൊഴില്‍ മേളകളിലൂടെയും പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നു. ചെറുവത്തൂര്‍ ഐ.ടി.ഐയില്‍ ഒരു വര്‍ഷം കാലാവധിയുള്ള പ്ലംബര്‍ ട്രേഡ് കോഴ്സാണ് ഒരുക്കിയിട്ടുള്ളത്. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഇതിന് അപേക്ഷിക്കാം.
ഐ.ടി.ഐയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 800 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. കൂടാതെ 1000 രൂപ ലംപ്സം ഗ്രാൻറ്, 900 രൂപ യൂനിഫോം അലവന്‍സ്, പഠന യാത്ര അലവന്‍സ് 3000രൂപ, ഹോസ്റ്റല്‍ അലവന്‍സ് 1500 രൂപ, സൗജന്യ ഉച്ചഭക്ഷണം പോഷകാഹാരം, സൗജന്യ പാഠപുസ്തകങ്ങള്‍, പരീക്ഷ ഫീസ് 313 രൂപ എന്നിവയും സര്‍ക്കാര്‍ നല്കി വരുന്നു. കൂടാതെ പട്ടികജാതി വികസന വകുപ്പ് ഐ.ടി.ഐകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് മോട്ടിവേഷന്‍ ക്ലാസുകള്‍, സ്പോക്കണ് ഇംഗ്ലീഷ് ക്ലാസുകള്‍ എന്നിവയും നല്കി വരുന്നു.
ചെറുവത്തൂര്‍ ഗവ.ഐ.ടി.ഐ നിന്ന് പ്ലംബര്‍ ട്രേഡ് എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഐ.എസ്.ആര്.ഒ, കൊച്ചിന്, ഇന്ത്യന്‍ റെയില്‍വേ, കേരള വാട്ടര്‍ അതോറിറ്റി, ആരോഗ്യ വകുപ്പ് തുടങ്ങിയവിടങ്ങളില്‍ ജോലി നേടി. കൂടാതെ പ്ലംബര്‍ ട്രേഡ് പാസായ വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ വന്‍കിട സ്വകാര്യ കമ്പനികളിലും, വിദേശ രാജ്യങ്ങളിലും ഇതിനകം ജോലി നേടി.
നീലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ് രണ്ടു വര്‍ഷത്തെ കോഴ്സ് ആണ് ഉള്ളത്. കോഴ്സ് പാസായ വിദ്യാര്‍ഥികള്‍ പി.ഡബ്ല്യു.ഡി, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളില്‍ ജോലിയില്‍ പ്രവേശിച്ചു.
കൂടാതെ സ്വന്തം കെട്ടിട നിര്‍മാണ കമ്പനികള്‍ തുടങ്ങിയവരുമുണ്ട്. ബേളയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ വെല്‍ഡര്‍ കോഴ്സ് ആണ് ഉള്ളത്. പട്ടികജാതി വിഭാഗത്തിന്റെ ശക്തമായ ഉന്നമനമാണ് ഇത്തരത്തില്‍ സൗജന്യ രീതിയിലുള്ള മികച്ച പഠനം നല്‍കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. സൗജന്യ തൊഴില്‍ മേളകള്‍, വിദേശ രാജ്യങ്ങളില്‍ തൊഴില്‍ നേടുന്നതിന് ലക്ഷം രൂപ വരെയും, സ്വയംതൊഴില്‍ മേഖലയില്‍ മൂന്നുലക്ഷം രൂപ വരെയും ഉള്ള ബാങ്ക് വായ്പ നല്‍കാനും അതില്‍ മൂന്നില്‍ ഒരു ഭാഗം സബ്സിഡിയും സര്‍ക്കാര്‍ നല്കിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.