കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകൽ; വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി
text_fieldsകാസർകോട്: സ്കൂള്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചു കാണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ. ഓട്ടോറിക്ഷകളിലും, സ്കൂള്‍ ബസുകളിലും സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റി കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ഒരു സീറ്റില്‍ രണ്ടുപേര്‍ വീതവും 12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന കണക്കിലും മാത്രമേ കയറ്റാന്‍ അനുമതിയുള്ളൂ. ഇതിനു വിപരീതമായി കുട്ടികളെ കുത്തി നിറച്ചുകൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ പെര്‍മിറ്റ് റദ്ദുചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആര്.ടി.ഒ അറിയിച്ചു.
ഫിറ്റ്നസില്ല: കുമ്പള പ്രീപ്രൈമറിക്ക് അവധി
കുമ്പള: കുമ്പള ജി.എസ്.ബി.എസിലെ രണ്ട് കെട്ടിടങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് ഫിറ്റ്നസ് നൽകാത്തതിനെത്തുടർന്ന് പ്രീപ്രൈമറി ക്ലാസുകൾക്ക് ഒരാഴ്ച അവധി നൽകി. കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ പരിശോധനയിലാണ് രണ്ട് കെട്ടിടങ്ങളുടെ മേൽക്കൂരകൾക്ക് ബലം പോരെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ കെട്ടിടങ്ങൾ പൂട്ടുകയും ക്ലാസുകൾ മറ്റൊരു കെട്ടിടത്തിലെ മുറികളിലേക്ക് മാറ്റുകയും ചെയ്തു.
40 വർഷം മുമ്പ് നിർമിച്ച ഈ കെട്ടിടം പൊളിച്ചുമാറ്റി കിഫ്ബി ഫണ്ടുപയോഗിച്ച് ആധുനിക രീതിയിൽ നിർമിക്കാൻ പദ്ധതി തയാറായിട്ടുണ്ട്. എൻജിനീയറുടെ നിർദ്ദേശമനുസരിച്ച് അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടം പ്രവർത്തനയോഗ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 20 വർഷത്തോളം പഴക്കമുള്ള തൊട്ടടുത്തുള്ള കെട്ടിടത്തിന് ചോർച്ചയാണ് പ്രശ്നം. അതും ഉപയോഗയോഗ്യമാക്കും. 1200ൽപരം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.