മധുരത്തുടക്കം പ്രവേശനോത്സവം
text_fieldsകാസർകോട്: അമ്മയുടെ കൈപിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുമായി മഴയിൽ കുടചൂടി നടന്ന് സ്കൂളിൽ പോയത് പഴങ്കഥ. ഇന്നതൊക്കെ മാറി, വീട്ടുമുന്നിൽ ഹോണടിച്ചെത്തുന്ന വാനിൽ തന്റെ മക്കളെ ഒന്ന് കയറ്റിക്കൊടുത്താൽ മാത്രം മതി ഇന്നത്തെ അമ്മമാർക്ക്. കരച്ചിലും പിഴിച്ചലുമില്ലാതെ കുരുന്നുകൾ ഒന്നാംതരത്തിലേക്ക് ഒന്നാന്തരമായി കയറിച്ചെന്നു. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള പഠനം! മധുരവുമായാണ് മുഴുവൻ സ്കൂളുകളും കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവം നടത്തണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം എല്ലാ സ്കൂളും അക്ഷരംപ്രതി അനുസരിച്ചു. കാലേക്കൂട്ടിത്തന്നെ പി.ടി.എകളുടെയും സന്നദ്ധസംഘടനകളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂൾതല ശുചീകരണവും മറ്റും നടത്തിയിരുന്നതിനാൽ നല്ല അന്തരീക്ഷത്തിലാണ് കുട്ടികൾ കയറിച്ചെന്നത്. സ്കൂളുകളുടെ മതിലുകളും ചുമരുകളും വർണചിത്രങ്ങളാൽ കുട്ടികളെ വരവേൽക്കുന്നതായിരുന്നു. അങ്ങനെ കണ്ണും മനസ്സും നിറഞ്ഞ് പ്രവേശനോത്സവം കളറായി. ജില്ലതല പ്രവേശനോത്സവം രാവിലെ 10ന് കോടോത്ത് ഡോ. അംബേദ്കര്‍ ജി.എച്ച്.എസ്.എസില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഒന്നാം ക്ലാസ് ഒന്നാന്തരം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജയും സ്റ്റീമര്‍ പദ്ധതി ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ എസ്.എന്‍. സരിതയും ഉദ്ഘാടനം ചെയ്തു. എന്‍.എം.എം.എസ് വിജയികള്‍ക്കുള്ള അനുമോദനം ജില്ല പഞ്ചായത്തംഗം ഷിനോജ് ചാക്കോ നിര്‍വഹിച്ചു.
കാസർകോട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ പ്രവേശനോത്സവം വാർഡ് കൗൺസിലർ വീണ അരുൺ ഷെട്ടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഇബ്രാഹിം ചൗക്കി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് റാഷിദ് പൂരണം, എച്ച്.എം.പി. സവിത, എൻ. അനസൂയ, ശ്യാഷ, കെ.ടി. അൻവർ, കെ. സൂര്യനാരായണ ഭട്ട് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം. രാജീവൻ സ്വാഗതവും എം. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ‘രക്ഷാകർതൃ വിദ്യാഭ്യാസം’വിഷയത്തിൽ സി.കെ. മദനൻ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. പുതുതായി ചേർന്ന കുട്ടികളെ സ്കൂൾകവാടത്തിൽ മുതിർന്ന കുട്ടികൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മധുരം നൽകി സ്വീകരിച്ചു.
ആവേശമീ വരവേൽപ്...
കാഞ്ഞങ്ങാട്: സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ആനന്ദാശ്രമം റോട്ടറി സ്പെഷൽ സ്കൂൾ വിദ്യാലയത്തിൽ നടന്ന പ്രവേശനോത്സവം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. നവാഗതർക്ക് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും മാനേജ്മെൻറും വരവേൽപ് നൽകി. സ്കൂൾ അഡ്വൈസർ എം.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ശ്യാംകുമാർ പുറവങ്കര അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബീന സുകു സ്വാഗതം പറഞ്ഞു. പെയ്ഡ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം, സുബൈർ നീലേശ്വരം എന്നിവർ കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തു. സ്കൂൾ ഡയറക്ടർ ഗജാനന കമ്മത്ത്, ഡെപ്യൂട്ടി ഡയറക്ടർ എൻ. സുരേഷ്, പി.ടി.എ പ്രസിഡന്റ് കെ. ചിണ്ടൻ എന്നിവർ സംസാരിച്ചു. റോട്ടറി ക്ലബ് അംഗം പി.വി. ഹരീഷ്, ഷാജി നീലേശ്വരം, അഭിരാജ്, ഹർഷിത, ശ്രുതി തുടങ്ങിയവർ നയിച്ച ഗാനമേളയും അരങ്ങേറി.
‘ഒന്നാന്തരം’ യാത്ര...
ചെറുവത്തൂർ: ഒന്നാം ക്ലാസുകാർക്ക് കുതിരവണ്ടിയിലേറി ഒന്നാന്തരം യാത്ര. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിലാണ് പ്രവേശനോത്സവത്തിന്റെ ഭാഗമായി അലങ്കരിച്ച് വർണാഭമാക്കിയ കുതിരവണ്ടിയെത്തിയത്. പാഠപുസ്തകങ്ങളിൽ പരിചയപ്പെട്ട കഥയിലെ കുതിരയും വണ്ടിയും കുതിരക്കാരനുമെല്ലാം കൺമുന്നിലെത്തിയപ്പോൾ ആദ്യം അത്ഭുതപ്പെട്ടവർ പിന്നീട് ആവേശത്തോടെ കുതിരസവാരി നടത്തുകയായിരുന്നു. പ്രവേശനോത്സവത്തിൽ എന്നും വൈവിധ്യംപുലർത്തുന്ന ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂൾമുറ്റത്താണ് ആവേശം അലകടലാക്കിത്തീർത്ത് കുതിരയെത്തിയത്. ആദ്യദിനത്തിൽ സങ്കടപ്പെട്ട് മുഖം വീർപ്പിച്ചവർ കുതിരപ്പുറത്ത് കയറിയപ്പോൾ സന്തോഷത്താൽ മതിമറന്നു. സ്കൂൾ മാതൃകയിലുള്ള ബസിനൊപ്പമുള്ള സെൽഫിയും കുട്ടികളെ സന്തോഷിപ്പിച്ചു. പ്രവേശനോത്സവം പിലിക്കോട് പഞ്ചായത്തംഗം പി.കെ. റഹീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫിറാസ് ടി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അനീഷ് ഫോക്കസ് അവതരിപ്പിച്ച നാടൻപാട്ടും അരങ്ങേറി.
പഞ്ചായത്തിന്റെ വക...
കാഞ്ഞങ്ങാട്: മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ വീണ്ടുമുണർന്നു. സംസ്ഥാന, ജില്ല, സബ്ജില്ല, പഞ്ചായത്ത്തല പ്രവേശനോത്സവം ആഹ്ലാദാന്തരീക്ഷത്തിൽ വിവിധ സ്കൂളുകളിൽ നടന്നു. അജാനൂർ പഞ്ചായത്ത്തല പ്രവേശനോത്സവം വേലാശ്വരം ഗവ. യു.പി സ്കൂളിൽ നടന്നു. പുതുതായി വിദ്യാലയത്തിൽ ചേർന്ന കുരുന്നുകളെ ആനയിച്ചുകൊണ്ട് സ്കൂൾ പ്രവേശനകവാടം മുതൽ സ്കൂളിലേക്ക് ഘോഷയാത്രയും നടന്നു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പഠനോപകരണ വിതരണം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. വിനോദ് അധ്യക്ഷത വഹിച്ചു.
ഇത് നാടിന്റെ ഉത്സവം...
കാഞ്ഞങ്ങാട്: നവാഗതരായ കുട്ടികളെ ഉത്സവാന്തരീക്ഷത്തിൽ സ്വീകരിച്ചു. നാടിന്റെ ഉത്സവമാക്കാൻ പുഞ്ചാവി കടപ്പുറത്തെ ജനങ്ങൾ പുഞ്ചാവി സ്കൂളിൽ ഒത്തുചേർന്നു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത നിർവഹിച്ചു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല അധ്യക്ഷത വഹിച്ചു.വീടിന്റെ അടുക്കള, തുല്യതയുടെ തൊഴിലിടമായി വരുംതലമുറ പഠിക്കുമ്പോൾ നമ്മുടെ പാഠ്യപദ്ധതി വിഭാവനംചെയ്ത സമത്വസുന്ദരമായ ലിംഗസമത്വ സമൂഹമെന്ന ആശയമാണ് യാഥാർഥ്യമാകുന്നതെന്ന് ചെയർപേഴ്സൻ പറഞ്ഞു. നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.