അവർ പിച്ചവെച്ചെത്തി അക്ഷരമുറ്റത്ത്
text_fieldsകാസർകോട്: അവർ പിച്ചവെച്ചെത്തി, അറിവിന്റെ തിരുമുറ്റത്ത്. വിദ്യാലയ അന്തരീക്ഷത്തിലേക്ക് രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയപ്പോൾ കണ്ട അപരിചിതത്വത്തിന്റെ പുതുലോകം അവർക്ക് മുന്നിൽ വിസ്മയത്തിന്റെ കാഴ്ചകൾ തുറന്നിട്ടു. മിക്കവരും ചിണുങ്ങലും പിണക്കവും കരച്ചിലുമായി ആദ്യദിനം ബഹളമയമാക്കി. എന്നാൽ അംഗൻവാടിയിൽ പോയി പരിചയിച്ച കുട്ടികൾ ഒന്നും സംഭവിക്കാത്തതുപോലെ ക്ലാസ് മുറികളിലെത്തി. പുതുവസ്ത്രവും പുത്തൻ ബാഗും പുതുകുടയുമായി വിദ്യാലയങ്ങളിലെത്തിയ കന്നിക്കാരെ പ്രവേശനോത്സവമൊരുക്കിയാണ് വരവേറ്റത്.
ജില്ല സ്കൂള്‍ പ്രവേശനോത്സവം തച്ചങ്ങാട് ഗവ.ഹൈസ്കൂളില്‍ വൃക്ഷത്തൈ നട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. അക്ഷരലോകത്തേക്ക് പുതിയതായി എത്തിയ കുരുന്നുകളെ വാരിപ്പുണര്‍ന്നും ഓമനിച്ചുമാണ് മന്ത്രി വരവേറ്റത്. പുതുതായി വിദ്യാലയത്തിലേക്കെത്തിയ കുട്ടികളെ അക്ഷരത്തൊപ്പികള്‍ അണിയിച്ചും അക്ഷര കാര്‍ഡുകള്‍ നല്‍കിയുമാണ് എതിരേറ്റത്. നവാഗതരായ 57 വിദ്യാര്‍ഥികള്‍ അവരുടെ പേരുകള്‍ നല്കിയ വൃക്ഷത്തൈകള്‍ സ്കൂള്‍ അങ്കണത്തില്‍ നട്ടു.
ഉദ്ഘാടനചടങ്ങുകള്‍ക്ക് മുന്നേ വേദിയില്‍ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് അവതരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, സിനിമ -സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവർ മുഖ്യാതിഥികളായി.
പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുതിയതായി വിദ്യാലയത്തിലെത്തിയ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വി. ഗീത, പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ. മണികണ്ഠന്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി. സുരേന്ദ്രന് തുടങ്ങിയവർ പങ്കെടുത്തു.
കാസര്‍കോട് ഉപജില്ലതല സ്കൂള്‍ പ്രവേശനോത്സവം കുണ്ടംകുഴി ഗവ: ഹയര്‍ സെക്കൻഡറി സ്കൂളില്‍ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു. പുതുതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികള്‍ക്ക് പൂര്‍വ വിദ്യാർഥി കൂട്ടായ്മകളായ കൂട്ടം, ലൗ ഹാന്‍ഡ്സ് പ്രവാസി കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തില്‍ സ്നേഹസമ്മാനങ്ങള്‍ നല്കി. സ്കൂള്‍ കോമ്പൗണ്ടില്‍ ഓരോ മരത്തൈകള്‍ നട്ടുകൊണ്ടാണ് കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ചത്.
മഞ്ചേശ്വരം ഉപജില്ല തല സ്കൂള്‍ പ്രവേശനോത്സവം മഞ്ചേശ്വരം ഗവ.വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്കൂളില്‍ എ.കെ.എം. അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മോന്തെരോ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട്: നഗരസഭാതല പ്രവേശനോത്സവം അരയി ഗവ.യു.പി സ്കൂളില്‍ നടന്നു. നവീകരിച്ച അടുക്കളയുടെ ഉദ്ഘാടനവും നടത്തി. നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ കെ.വി. മായാകുമാരി അധ്യക്ഷത വഹിച്ചു. 57 കുട്ടികളാണ് പുതിയതായി അരയി ഗവ.യു.പി സ്കൂളില്‍ എത്തിയത്.
കാസര്‍കോട് നഗരസഭ തല സ്കൂള്‍ പ്രവേശനോത്സവവും സ്കൂള്‍ പ്രവേശന കവാടം ഉദ്ഘാടനവും ജി.എച്ച്.എസ്.എസ് കാസര്‍കോട് സ്കൂളില്‍ നഗരസഭ ചെയര്മാന് അഡ്വ.വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്പേഴ്സൻ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു.
മടിക്കൈ പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കാഞ്ഞിരപ്പൊയില്‍ ഗവ.ഹൈസ്കൂളില്‍ ജില്ലപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. നവാഗതര്‍ക്കുള്ള പഠനോപകരണങ്ങളും നല്കി.
പുത്തിഗെ: മുഹിമ്മാത്ത് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ്, കന്നഡ, മലയാളം വിഭാഗങ്ങളിലെ പ്രവേശനോത്സവം ശ്രദ്ധേയമായി. മുഹിമ്മാത്ത് ജന.മാനേജർ ഉമർ സഖാഫി കർണൂർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അബ്ദുൽ കാദിർ അധ്യക്ഷത വഹിച്ചു.
ബാനം: ബാനം ഗവ.ഹൈസ്കൂളിൽ പ്രവേശനോത്സവവും വിജയോത്സവവും സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് ഉപഹാരം നൽകി.
നെല്ലിക്കുന്ന് അൻവാ റൂൽ ഉലൂം എ.യു.പി സ്കൂൾ നവാഗതരെ അക്ഷരത്തൊപ്പിയും ബലൂണും മധുരവും നൽകിയാണ് സ്വീകരിച്ചത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എ.കെ. മുഹമ്മദ് കുട്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
പട്ള: ആദ്യമായി വിദ്യാലയത്തിന്റെ പടി കടന്നെത്തിയ കുരുന്നുകളെ വർണത്തൊപ്പിയണിയിച്ചാണ് ഗവ: ഹയർ സെക്കൻഡറി സ്കൂൾ സ്വീകരിച്ചത്. എൽ.പി.വിഭാഗം വിദ്യാർഥികളുടെ സ്വാഗത നൃത്തത്തോടെ പരിപാടികൾക്ക് തുടക്കമായി. പി.ടി.എ പ്രസിഡന്റ് എച്ച്.കെ. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ജാസ്മിൻ കബീർ ഉദ്ഘാടനം ചെയ്തു.
നീലേശ്വരം: നീലേശ്വരം നഗരസഭതല സ്കൂൾ പ്രവേശനോത്സവം കടിഞ്ഞിമൂല ജി.ഡബ്ല്യു.എൽ.പി സ്കൂളിൽ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. ഭരതൻ അധ്യക്ഷത വഹിച്ചു. കൗൺസലർ എം.കെ. വിനയരാജ് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പള്ളിക്കര സെന്റ് ആൻസ് സ്കൂൾ, പാലായി എ.എൽ.പി സ്കൂൾ, കൊയാമ്പുറം എ.എൽ.പി സ്കൂൾ, നീലേശ്വരം ജി.എൽ.പി സ്കൂൾ, തൈക്കടപ്പുറം വേണുഗോപാലൻ മെമ്മോറിയൽ എൽ.പി സ്കൂൾ, പേരോൽ ജി.എൽ.പി സ്കൂൾ, രാജാസ് എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലും പ്രവേശനോത്സവം നടന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കീഴ്മാല എ.എൽ.പി സ്കൂളിൽ നാദസ്വരങ്ങളുടെ അകമ്പടിയോടെ കുരുന്നുകളുടെ ഘോഷയാത്ര നടന്നു. പഞ്ചായത്ത് അംഗം ടി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വാസു കരിന്തളം അധ്യക്ഷത വഹിച്ചു.
ചെറുവത്തൂർ: ചെറുവത്തൂർ ബി.ആർ.സി തല പ്രവേശനോത്സവം പിലിക്കോട് ജി.യു.പി സ്കൂളിൽ പിലിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.വി. സുലോചന അധ്യക്ഷത വഹിച്ചു.
പിലിക്കോട് പഞ്ചായത്തുതല പ്രവേശനോത്സവം പിലിക്കോട് ഗവ.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് അധ്യക്ഷത വഹിച്ചു.
ചന്തേര ഗവ.യു.പി സ്കൂളിലും, ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിലും പഞ്ചായത്തംഗം പി.കെ. റഹീന ഉദ്ഘാടനം ചെയ്തു. പുത്തിലോട്ട് എ.യു.പി സ്കൂൾ, പൊള്ളപ്പൊയിൽ എ.എൽ.പി സ്കൂൾ, യു.പി സ്കൂൾ, കൊടക്കാട് ഗവ.വെൽഫെയർ യു.പി സ്കൂൾ, കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെല്ലാം പ്രവേശനോത്സവം വർണാഭമായി നടന്നു.
പടന്ന: പടന്ന ജി.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് പി.വി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. ബുഷ്റ അധ്യക്ഷത വഹിച്ചു. പായസ വിതരണവും മധുരപലഹാര വിതരണവും നടത്തി.
മിന്നുംതാരങ്ങളായി നാലു ജോടി ഇരട്ടകൾ
ഉദുമ: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പ്രവേശനോത്സവനാളിൽ ശ്രദ്ധ കവർന്ന് നവാഗതരായെത്തിയ നാല് ജോടി ഇരട്ടകൾ.
ജയൻ- ദിവ്യ, ഷാജി- രേഷ്മ, ശശിധരൻ-രമ്യ , സാജർ-സ്നേഹമോൾ ദമ്പതിമാരുടെ ഇരട്ട കുട്ടികളായ ധ്യാൻ-ധ്യാൻവി, സാൻവിക- സാത് വിക, ആരവ്-ആരുഷ്, അസർ - അയാൻ എന്നീ കുട്ടികളാണ് കെ.ജി ക്ലാസിൽ പ്രവേശനം നേടിയത്. പ്രവേശനോത്സവ ചടങ്ങിൽ ഇവരെ സ്റ്റേജിൽ വിളിച്ച് പരിചയപ്പെടുത്തി.
രാവിലെ ബാന്റുമേളത്തോടെ ടൗണിൽ നടത്തിയ ഘോഷയാത്രക്കുശേഷം പുതുതായി പ്രവേശനം നേടിയ കുരുന്നുകളുടെ വിവിധ പരിപാടികളുമുണ്ടായി.
കാസർകോടൻ തനിമ പകർന്ന് ഉണ്ണിരാജ്
കാഞ്ഞങ്ങാട്: കാസർകോടൻ ഭാഷയിലൂടെ ശ്രദ്ധേയനായ നടൻ ഉണ്ണിരാജ് ചെറുവത്തൂർ പ്രവേശനോത്സവംകൂടാൻ അജാനൂർ ഗവ. ഫിഷറീസ് യു.പി സ്കൂളിലെത്തി. തന്റെ സ്വത:സിദ്ധമായ ശൈലിയിൽ വളർന്നു വന്ന വഴികളും സ്കൂൾ പഠനകാലവും സിനിമ-സീരിയൽ മേഖലയിൽ തുടക്കമിട്ട അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. വിവിധ സംഘടനകൾ കുട്ടികൾക്ക് അനുവദിച്ച കുടയും പഠനോപകരണങ്ങളും ഉണ്ണിരാജ് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.