ആവേശം... ഒരുങ്ങി, സ്കൂളുകൾ
text_fieldsസ്കൂൾ തുറക്കും മുമ്പേ സമ്മാനമായി കിട്ടിയ കുടകളുമായി പിലിക്കോട് ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ കുട്ടികൾ
കാസർകോട്: വേനലവധിക്കുശേഷം തിങ്കളാഴ്ച സ്കൂളുകളിൽ ഫസ്റ്റ് ബെൽ മുഴങ്ങും. കടുത്തവേനലിന്റെ ക്ഷീണത്തിൽനിന്ന് മഴയുടെ ആവേശത്തുടക്കത്തിൽ കുരുന്നുകൾ ഒന്നാം തരത്തിലേക്ക് നടന്നുനീങ്ങും. വിദ്യാഭ്യാസവകുപ്പ് ഇതിനായി വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്.
സ്കൂൾ തുറക്കുന്നതിനുമുന്നേ പാഠപുസ്തകവിതരണം ഏറക്കുറെ പൂർത്തിയാക്കാനായി. പ്ലസ് വൺ സീറ്റ് ലഭ്യതയുടെ വിവാദസ്വരങ്ങൾ പതിവുപോലെ ഇക്കുറിയുമുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകളാണ് ഇപ്രാവശ്യം മാറിയത്.
അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ ഈ അധ്യയനവർഷത്തിൽ ആർട്ടും വർക്കുമായി ബന്ധപ്പെട്ട ആക്ടിവിറ്റി ബുക്കുകളും അധികമായുണ്ട്. കൂടാതെ, രണ്ടാം ക്ലാസിലെ മലയാളം ടൈറ്റിലുകളായ കേരള പാഠാവലി, ഗണിതം, കളിപ്പെട്ടി എന്നീ പാഠപുസ്തകങ്ങൾ ലിപിമാറ്റം കാരണം പരിഷ്കരിച്ചാണ് വിതരണം ചെയ്യുന്നത്.
അതേസമയം, സ്കൂളുകളിൽ ലഹരി വിരുദ്ധപ്രവർത്തനത്തിന് വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസവകുപ്പ് നൽകിയിരിക്കുന്നത്. ‘നോ ടു ഡ്രഗ്സ്’വിപുലമായരീതിയിൽ നടത്താനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനം.
കൂടാതെ, രക്ഷിതാക്കളെ പങ്കെടുപ്പിച്ച് ബോധവത്കരണ ക്ലാസ് നടത്താനും ജില്ലതല ജനജാഗ്രതസമിതികൾ നിശ്ചിത ഇടവേളകളിൽ നടത്താനും തീരുമാനമുണ്ട്. ആന്റി നാർകോട്ടിക് ദിനമായ ജൂൺ 26ന് സ്കൂളുകളിൽ കുട്ടികളുടെ പാർലമെന്റ് നടത്താനും ഒക്ടോബർ രണ്ടിന് പൊതുജനപങ്കാളിത്തത്തോടെ സംവാദങ്ങൾ നടത്താനും നവംബർ 14ന് പ്രത്യേക അസംബ്ലി ചേരാനും മനുഷ്യാവകാശദിനമായ ഡിസംബർ 10ന് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിക്കാനും സർക്കാർ ശിപാർശയുണ്ട്.
എല്ലാ സ്കൂളുകളിലും വിപുലമായ ഒരുക്കങ്ങളാണ് സർക്കാറിന്റെയും പി.ടി.എയുടെയും നേതൃത്വത്തിൽ നടത്തിയത്. കുട്ടികൾ കടന്നുവരുമ്പോൾ വിദ്യാലയങ്ങൾ മികച്ചരീതിയിൽ ആകർഷണമാക്കുന്നതിലുള്ള ശ്രമങ്ങൾ എല്ലാ വിദ്യാലയങ്ങളിലും നടന്നിരുന്നു.
സ്കൂൾ പി.ടി.എകളുടെയും സന്നദ്ധസംഘടനകളുടേയും മെഗാ ശുചീകരണയജ്ഞം മിക്കവാറും എല്ലാ സ്കൂളുകളിലും പൂർത്തീകരിച്ചിട്ടുണ്ട്. അതുപോലെതന്നെ വിദ്യാലയങ്ങളിൽ കുട്ടികളുടെ അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ വലിയ ഇടപെടലാണ് സർക്കാറിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
അവധിക്കാലത്ത് ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകർക്കും പുതിയ പാഠ്യപദ്ധതി പരിചയപ്പെടുത്തുന്നതിന് ആവശ്യമായ പരിശീലനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ, മാറിയ പാഠപുസ്തകങ്ങളുടെ വിതരണമടക്കം പൂർണമായും നടന്നുകഴിഞ്ഞു.
എല്ലാവിഭാഗം അധ്യാപകർക്കും അഞ്ചുദിവസം നീണ്ട പരിശീലനങ്ങളാണ് നടന്നത്. ജില്ലതല പ്രവേശനോത്സവം രാവിലെ 10ന് കോടോത്ത് ഡോ. അംബേദ്കര്‍ ജി.എച്ച്.എസ്.എസില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഒന്നാം ക്ലാസ് ഒന്നാംതരം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജയും സ്റ്റീമര്‍ പദ്ധതി ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ എസ്.എന്‍. സരിതയും ഉദ്ഘാടനം ചെയ്യും.
എന്‍.എം.എം.എസ് വിജയികള്‍ക്കുള്ള അനുമോദനം ജില്ല പഞ്ചായത്തംഗം ഷിനോജ് ചാക്കോ നിര്‍വഹിക്കും. ‘മാറ്റങ്ങളെ ഉൾക്കൊള്ളാം, കാലത്തിനൊത്ത് ഒന്നിച്ചുയരാം’എന്നതാണ് ഇപ്രാവശ്യത്തെ മുദ്രാവാക്യം.
കുരുന്നുകളെ വരവേൽക്കാൻ വർണചിത്ര കാഴ്ചകൾ
പാലക്കുന്ന്: അവധി പൂർത്തിയാക്കി തിരിച്ചെത്തുന്നവരെയും നവാഗതരായ കുരുന്നുകളെയും ഏറെ പുതുമകളോടെ വരവേൽക്കാൻ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒരുങ്ങി. സ്കൂളിന്റെ 40ാം വാർഷികവും സി.ബി.എസ്.ഇ അഫിലിയേഷൻ കിട്ടിയതിന്റെ 25ാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾക്കായി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കുട്ടികളുടെ മനം കവരുംവിധം സ്കൂൾ മതിലുകളിൽ വർണചിത്രങ്ങൾ വരച്ച് ആകർഷകമാക്കുന്ന തിരക്കിലാണ് നിറങ്ങളുടെ കൂട്ടുകാരനായ ചിത്രകാരൻ ദേവദാസ് പെരിയയും സ്കൂളിലെ ചിത്രകല അധ്യാപകനായ രാജു മാസ്റ്ററും. ഈ അധ്യയനവർഷം മുതൽ സ്കൂൾ യൂനിഫോമിലും മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്.
അതോടൊപ്പം ക്ലാസ് മുറികളും അതിമനോഹരമാക്കി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ അധ്യയനം നടത്തുന്നതിനുവേണ്ടിയുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ സമിതി ഭാരവാഹികളും പ്രിൻസിപ്പൽ എ. ദിനേശനും പറഞ്ഞു.
പഠനം മാത്രമല്ല, സമ്മാനങ്ങളുമുണ്ട്
പാട്ടും കഥകളുമായി ആദ്യദിനം വിദ്യാർഥികളെ വരവേൽക്കും
ചെറുവത്തൂർ: വേനലവധിയുടെ കളിചിരികൾ കഴിഞ്ഞുവെങ്കിലും സ്കൂൾ തുറന്നാലും സന്തോഷത്തിന് ഒരു കുറവുമുണ്ടാകില്ല. മിക്ക സ്കൂളുകളും സമ്മാനങ്ങളും പുസ്തകങ്ങളും മധുരവും നൽകിയാണ് കുട്ടികളെ വരവേൽക്കുക.
ആദ്യദിനം ഓർമയിൽ എന്നും നിലനിർത്തുന്നതിനായി പാട്ടും കഥകളും വിദ്യാലയമുറ്റത്ത് നിറക്കും. എല്ലാ ക്ലാസിലേക്കുമുള്ള പാഠപുസ്തകങ്ങളും യൂനിഫോമും ആദ്യദിനത്തിൽതന്നെ കുട്ടികൾക്ക് നൽകും.പിലിക്കോട് വയൽ പി.സി.കെ.ആർ അടിയോടി സ്മാരക കലാസമിതി ആൻഡ് ഗ്രന്ഥാലയം പിലിക്കോട് ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ ഒന്നാംതരത്തിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും പഠനോപകരണം വിതരണം ചെയ്തു.
വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് എം. മാധവൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടിവ് അംഗം പി. രാമചന്ദ്രൻ, സിനി ടീച്ചർ എന്നിവർ സംസാരിച്ചു. എൻ.വി. രവീന്ദ്രൻ സ്വാഗതവും വി. സജീഷ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.