തീരദേശ മേഖലയിൽ കടലാക്രമണം; കടലിനറിയാമോ ഭിത്തിക്കുള്ളതാണെന്ന്!
text_fieldsമൊഗ്രാൽ: തീരവാസികൾ മുമ്പ് അധികൃതരോട് പറഞ്ഞതുപോലെ സംഭവിച്ചു. ചെറിയ കരിങ്കല്ലുകൾകൊണ്ടുള്ള കടൽഭിത്തി നിർമാണംകൊണ്ട് കടലാക്രമണത്തെ ചെറുക്കാനാകില്ലെന്ന പ്രദേശവാസികളുടെ അഭിപ്രായം ശരിവെക്കുന്നതാണ് മൊഗ്രാൽ നാങ്കിയിലെയും പെറുവാട് കടപ്പുറത്തെയും രൂക്ഷമായ കടലാക്രമണം. മൊഗ്രാൽ നാങ്കി കടപ്പുറത്ത് കടൽഭിത്തി നിർമാണത്തിനായി രണ്ടുവർഷം മുമ്പ് കൊണ്ടിറക്കിയ കരിങ്കല്ലുകൾ ചെറുതാണെന്ന് അന്നുതന്നെ പ്രദേശവാസികൾ പറഞ്ഞിരുന്നു.
വർഷാവർഷം ഖജനാവിലെ പണം കടലിൽ ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട് അന്നേ നാട്ടുകാർ പ്രതിഷേധിച്ചതാണ്. ഇതേതുടർന്ന് അധികൃതർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, കല്ലുകൾ നാങ്കി തീരത്ത് അടുക്കിവെച്ചിരിക്കയായിരുന്നു. ആ കല്ലുകളാണ് കുറച്ചു മാത്രം അവശേഷിപ്പിച്ച് കടൽകൊണ്ടുപോയിരിക്കുന്നത്. പെർവാഡ് കടപ്പുറത്ത് ശേഷിച്ച ഒരുഭാഗം കടൽഭിത്തിയും ഇപ്പോൾ കടലെടുത്തുകൊണ്ടിരിക്കയാണ്.
ഇനി തീരസംരക്ഷണത്തിന് വേണ്ടത് ശാസ്ത്രീയമായ വലിയ പദ്ധതികളാണ്. മഞ്ചേശ്വരം മുതൽ മൊഗ്രാൽ വരെയുള്ള തീരദേശ മേഖലയിൽ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. കടലാക്രമണത്തെ ചെറുക്കാൻ നാമമാത്ര ഫണ്ടുകൾ ഉപയോഗിച്ചുള്ള ചെറിയ പദ്ധതികൾ ഫലം കാണുന്നുമില്ല. ഇതിന് വലിയ തോതിലുള്ള കേന്ദ്ര സർക്കാർ പദ്ധതികളാണ് വേണ്ടത്. ഇത് നിയമസഭയിൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ പദ്ധതിക്കായി സംസ്ഥാന സർക്കാറിന്റെയും എം.പിമാരുടെയും ഇടപെടലുകളും അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.