മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കണം– മന്ത്രി എം.ബി. രാജേഷ്
text_fieldsകാസർകോട്: മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഇന്ത്യയെ സംരക്ഷിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. അറുന്നൂറോളം നാട്ടു രാജ്യങ്ങളായി ചിതറിക്കിടന്ന ഒരു ഭൂപ്രദേശത്തെയും അനേകം ജാതികളും മതങ്ങളുമായി വിഭജിച്ചു നിന്ന ജനവിഭാഗങ്ങളെയും കോര്‍ത്തിണക്കി ഇന്ത്യയെന്ന ആധുനിക രാഷ്ട്രത്തെ നിര്‍മിച്ചത് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സ്വാതന്ത്ര്യ സമരമാണ്.
നമ്മുടെ രാജ്യത്തിന്റെ ആധാരശിലകള്‍ മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറല്‍ ഘടനയുമാണ്. അതിന്റെ ഉറച്ച അടിത്തറയിലാണ് ഇന്ത്യ 77 വര്‍ഷവും അതിജീവിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍ മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഇന്ത്യയെ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ടി.എസ്. തിരുമുമ്പിന്റെ ‘തല നരക്കുവതല്ലെന്റെ വൃദ്ധത്വം; തല നരക്കാത്തതല്ലെന് യുവത്വവും; കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്‍ തല കുനിക്കാത്ത ശീലമെന് യൗവ്വനം’ എന്ന വരികള്‍ ചൊല്ലി.
രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ എ.കെ.എം. അഷറഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്, എം. രാജഗോപാലന്‍, സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റന്‍ കെ.എം. കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ എന്നിവര്‍ പരേഡ് വീക്ഷിക്കാന്‍ പ്രത്യേക ക്ഷണിതാക്കളായി എത്തി. ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന എന്നിവര്‍ പരേഡിനെ സല്യൂട്ട് ചെയ്തു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, അസി. കലക്ടര്‍ ദിലീപ് കെ. കൈനിക്കര, എ.ഡി.എം കെ. നവീന്‍ ബാബു, ആര്.ഡി.ഒ അതുല്‍ സ്വാമിനാഥ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, എ.എസ്.പി ശ്യാംകുമാര്‍, ഡി.വൈ.എസ്.പിമാര്‍, പൊലീസ്, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.
കാസർകോട്: സ്വാതന്ത്ര്യ ദിനത്തില്‍ ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ കലക്ടറേറ്റില്‍ പതാക ഉയര്‍ത്തി. അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ. കൈനിക്കര, അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബു, ജില്ല എംപ്ലോയ്മെന്റ് ഓഫിസര്‍ അജിത് ജോണ്‍, ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്. ജെഗ്ഗി പോള്‍, ജില്ല ലോ ഓഫിസര്‍ മുഹമ്മദ് കുഞ്ഞി, കലക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ് അസോസിയേഷന് കാസര്‍കോട് യൂനിറ്റ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് പരിസരം ശുചീകരിച്ചു.
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന് നമ്പ്യാര്‍ പതാക ഉയര്‍ത്തി. സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് ഡീന്‍ പ്രഫ. വിന്‍സെന്റ് മാത്യു സ്വാതന്ത്ര്യദിന സന്ദേശം നല്കി. ഡീനുമാര്‍, വകുപ്പ് മേധാവികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിഭജന ഭീകരതയുടെ അനുസ്മരണം എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.
കാഞ്ഞങ്ങാട്: ഭീമനടി ഗ്രാമീണ കോടതിയിൽ ന്യായാധികാരി ഐശ്വര്യ രവികുമാർ ദേശീയ പതാക ഉയർത്തി. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബാലു ദിനേശ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മയിൽ, അഡ്വ. പി. വേണുഗോപാൽ, അഡ്വ. സോജൻ കുന്നേൽ, അഡ്വ. മാത്യു സെബാസ്റ്റ്യൻ, പി.വി. തമ്പാൻ, ഡാജി ഓടയ്ക്കൽ എന്നിവർ സംസാരിച്ചു. കെ.വി. അനീഷ് സ്വാഗതവും പി. മധു നന്ദിയും പറഞ്ഞു.
നീലേശ്വരം: കടിഞ്ഞുമൂല ഹയാത്തുൽ ഇസ്ലാം മദ്റസയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ജമാഅത്ത് കമ്മിറ്റി ഖജാൻജി എം.കെ. അബൂബക്കർ ദേശീയപതാക ഉയർത്തി. ചടങ്ങിൽ ജനറൽ സെക്രട്ടറി എൻ.കെ. അഹമ്മദ്, ഖത്തീബ് അബ്ദുറഹ്മാൻ മിസ്ബഹി, ശരീഫ് സൈനി, റസാക്ക് മുസ്ലിയാർ, യൂസഫ് മുസ്ലിയാർ, ഖലീൽ ടി. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.