സുരക്ഷ ഭീഷണി: മൂന്ന് കൊലപാതകക്കേസിലെ പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
text_fieldsകാസര്‍കോട്: സുരക്ഷ ഭീഷണി കണക്കിലെടുത്ത് മൂന്ന് കൊലപാതകക്കേസടക്കം 18 കേസില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് സബ് ജയിലില്‍നിന്ന് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പൈവളിഗെ കായര്കട്ടെ അമ്പിക്കാന ഹൗസില്‍ ഇസ്ബു സിയാദിനെയാണ് (34)കഴിഞ്ഞ ദിവസം സബ് ജയിലില്‍നിന്ന് മാറ്റിയത്.
കുടുംബാംഗങ്ങള്‍ക്ക് കാണാനുള്ള സൗകര്യം ചൂണ്ടിക്കാട്ടി നല്കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ജനുവരി രണ്ടിനാണ് സിയയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽനിന്ന് കാസര്‍കോട് സബ് ജയിലിലേക്ക് മാറ്റിയത്.
ബാളിഗെ അസീസ്, ഉപ്പളയിലെ കാലിയാറഫീഖ്, മംഗളൂരുവിലെ ഡോണ്‍ തസ്ലിം എന്നിവരെ കൊലപ്പെടുത്തിയതടക്കം 18 കേസില്‍ പ്രതിയാണ് സിയ. നടിയും സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയുമായ ലീന മരിയാപോളിന്റെ കൊച്ചി കടവന്ത്ര പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്തിയ കേസില്‍ സിയ ഏഴാംപ്രതിയാണ്.
ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്താന്‍ അധോലോക നായകന് രവിപൂജാരിയുടെ നിര്‍ദേശപ്രകാരം സിയ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തുകയായിരുന്നു.
വിദേശത്തേക്ക് തിരിച്ചുപോകാനുള്ള ശ്രമത്തിനിടെ സിയയെ മുംബൈ വിമാനത്താവളത്തില്‍ തീവ്രവാദ വിരുദ്ധസേന പിടികൂടി കേരള പൊലീസിന് കൈമാറുകയാണുണ്ടായത്. ഈ കേസില്‍ അറസ്റ്റിലായ സിയയെ റിമാൻഡ് ചെയ്ത് വിയ്യൂര്‍ ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. പിന്നീട് സിയയെ കാസര്‍കോട് സബ്ജയിലിലേക്ക് മാറ്റിയപ്പോൾത്തന്നെ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് വ്യക്തമായിരുന്നു.
26 തടവുകാര്‍ക്ക് കഴിയാവുന്ന സബ്ജയിലില്‍ 90 പേരുള്ള സമയത്തായിരുന്നു സിയയെ കൊണ്ടുവന്നത്. പരിധിയില്‍ കവിഞ്ഞ തടവുകാര്‍ക്കിടയില്‍ കൊടും കുറ്റവാളിയായ ഒരാളെ താമസിപ്പിക്കുന്നതിലെ സുരക്ഷാ ഭീഷണിയെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സിയയെ കാസര്‍കോട് സബ് ജയിലില്‍ നിന്ന് മാറ്റാന്‍ നടപടിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.