രാജ്യദ്രോഹക്കേസ്, പൊലീസ് വേട്ട; ഒടുവിൽ നീതിയുടെ വെട്ടം
text_fieldsമംഗളൂരു: പൗരത്വ പ്രക്ഷോഭ നാളിൽ നാലാം ക്ലാസ് വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തിലെ സംഭാഷണ ശകലത്തിന്റെ പേരിൽ രാജ്യദ്രോഹം ആരോപിക്കപ്പെട്ട ബിദർ ഷഹീൻ സ്കൂൾ കർണാടക ഹൈകോടതിയുടെ മൂന്ന് വിധികളിലൂടെ ചരിത്രത്തിൽ ഇടം നേടുമ്പോൾ നിറപുഞ്ചിരിയിലാണ് 63കാരനായ ഷഹീൻ ഗ്രൂപ് സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ. അബ്ദുൽ ഖാദിർ. ഒടുവിൽ പ്രധാനമന്ത്രിക്കെതിരായ പരാമർശം രാജ്യദ്രോഹം അല്ലെന്ന ഹൈകോടതിയുടെ കലബുറഗി ബെഞ്ചിന്റെ വിധി കൂടിവന്നതോടെ അദ്ദേഹം പറയുന്നു; ‘നന്ദി, നീതിന്യായ വ്യവസ്ഥയോട്, അത് നേടിത്തരാൻ നിയമത്തിന്റെ നൂൽപാലം കടന്ന അഭിഭാഷകരോട്, ഒപ്പം നിന്ന മാധ്യമങ്ങളോടും ജനങ്ങളോടും. ബാലാവകാശ ലംഘനം ചൂണ്ടിക്കാട്ടി ഷഹീൻ സ്കൂളിന്റെ അരികുചേർന്ന് നിയമപോരാട്ടം നടത്തിയ ഇപ്പോഴത്തെ മുഡിഗെരെ എം.എൽ.എ നയന ജ്യോതി ജൗഹറിനോട് പ്രത്യേകം നന്ദി.’
പ്രതിസന്ധികളിൽ പതറാതെ, തെരുവിൽ ഇറങ്ങാതെ പോരാടുകയായിരുന്നു ഷഹീൻ മാനേജ്മെന്റ്. 2020 ജനുവരി 21ന് അരങ്ങേറിയ നാടകത്തിലെ സംഭാഷണത്തിന്റെ പേരിൽ 504, 505(2), 124(എ) -153 (എ) വകുപ്പുകൾ ചേർത്ത് കേസെടുത്ത് ബിദർ ഷഹീൻ സ്കൂളിൽ പൊലീസ് നടത്തിയത് 2015ലെ ബാലാവകാശ നിയമ (ജുവനൈൽ ജസ്റ്റിസ് ആക്ട്)ത്തിന്റെ ലംഘനമാണെന്ന് നിരീക്ഷിച്ചതായിരുന്നു കർണാടക ഹൈകോടതിയുടെ 2021 ആഗസ്റ്റ് 17ലെ ആദ്യ വിധി. അഡ്വ. ജ്യോതി നയന ജൗഹർ ഫയൽ ചെയ്ത ഹരജിയിലായിരുന്നു ആ വിധി. നാടകത്തിലെ സംഭാഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുകയും പാർലമെന്റ് പാസാക്കിയ നിയമങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി എ.ബി.വി.പി പ്രവർത്തകൻ നിലേഷ് രക്ഷല പരിപാടി കഴിഞ്ഞ് ആറാം ദിവസം ബിദർ ടൗൺ പൊലീസിൽ പരാതി നൽകിയതായിരുന്നു കേസിന് ആധാരം. നാടകത്തിൽ അഭിനയിച്ച പെൺകുട്ടിയുടെ മാതാവ് നജ്മുന്നിസ(26), സ്കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗം (52)എന്നിവരെ ജനുവരി 30ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വീടുകളിൽ ജോലി ചെയ്ത് ജീവിക്കുന്ന വിധവയായ നജ്മുന്നിസ ജയിലിലായതോടെ മകൾ അയൽക്കാരുടെ സംരക്ഷണത്തിലായിരുന്നു. ഏറെനാൾ ജയിലിൽ കഴിഞ്ഞ ശേഷമാണ് ഇരുവർക്കും സോപാധിക ജാമ്യം ലഭിച്ചിരുന്നത്.
കേസിലെ രാജ്യദ്രോഹ കുറ്റം റദ്ദാക്കി കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവായിരുന്നു രണ്ടാമത്തെ ഹൈകോടതി വിധി. കർണാടകയുൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സ്ഥാപനമാണ് 33 വർഷം പഴക്കമുള്ള ബിദർ ഷഹീൻ എജുക്കേഷൻ സൊസൈറ്റി. 40 സ്ഥാപനങ്ങളിലായി 16,000 വിദ്യാർഥികൾ വിവിധ തലങ്ങളിൽ പഠിക്കുന്നു. മഹാമാരിക്കാലം മാനവികതയുടെ ഉദാത്ത മാതൃക സൃഷ്ടിച്ച സ്ഥാപനം എന്നതാണ് ബിദറിലും പരിസരങ്ങളിലും ഷഹീൻ സ്കൂളിന്റെ കീർത്തി. നാടാകെ അടച്ചു പൂട്ടി ആളുകൾക്ക് അന്നം പോലും മുട്ടിയ കാലം ഷഹീൻ ക്ലാസ് മുറികൾ ഊട്ടുപുരകളായി മാറുകയായിരുന്നു. കുട്ടികളുടെ നാടകത്തിന്റെ പേരിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഭരണകൂടവും പൊലീസും വേട്ടയാടിയെങ്കിലും നീതിപീഠം സത്യത്തിന് കാവൽ നിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.