സി.പി.എം ഇരന്ന് വാങ്ങിയ പ്രഹരം: പാതിവഴിയിൽ സമ്മേളനം അവസാനിപ്പിക്കേണ്ടി വന്നത് അപമാനമായി
text_fieldsകാസർകോട്: സി.പി.എം ജില്ല സമ്മേളനത്തലേന്ന് വൈകീട്ട് അഞ്ചോടെയാണ് ജില്ല കലക്ടറുടെ ആ ഉത്തരവ് വന്നത്. ജില്ലയിൽ നിശ്ചയിച്ചതും നടക്കുന്നതുമായ എല്ലാ പൊതുപരിപാടികളും വിലക്കിയാണ് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിറക്കിയത്. മൂന്നുദിവസത്തെ കോവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആർ) 30 ശതമാനം കടന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. ഇതോടെ, പിറ്റേന്ന് രാവിലെ മടിക്കൈയിൽ 185 പ്രതിനിധികളുമായി സി.പി.എം സമ്മേളനം നടക്കുമോ എന്നായി നാട്ടിലെങ്ങും ചർച്ച. അഭ്യൂഹങ്ങൾ രണ്ടുമണിക്കൂർ നീണ്ടില്ല. പൊതുപരിപാടി വിലക്കിയ ഉത്തരവ് കലക്ടർ പിൻവലിച്ചു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളിലെ നിയന്ത്രണമെന്നും ടി.പി.ആർ അടിസ്ഥാനത്തിലായിരുന്നു മുൻ ഉത്തരവ് എന്നും കലക്ടർ വ്യക്തമാക്കി.
സി.പി.എം സമ്മേളനം മുൻനിർത്തിയാണ് ഉത്തരവ് പിൻവലിച്ചതെന്ന് അങ്ങാടിപ്പാട്ടായി. കലക്ടറുടെ ഫേസ്ബുക് പോസ്റ്റിൽ വിമർശനങ്ങളുടെ പെരുമഴയായി. വിമർശനത്തിൽ കഴമ്പില്ലെന്നും പുതിയ മാനദണ്ഡ പ്രകാരമാണ് ഉത്തരവ് പിൻവലിച്ചതെന്നും വെള്ളിയാഴ്ച കലക്ടർ ഫേസ്ബുക്കിൽ വിശദീകരിച്ചപ്പോഴും നാട്ടുകാർ വെറുതെ വിട്ടില്ല.
കലക്ടറുടെ ഉത്തരവിന്റെ ഫയൽ നീങ്ങിയ ഉടൻ പാർട്ടിയും സമർഥമായി കളിച്ചുവെന്നാണ് സൂചന. പുതിയ മാനദണ്ഡം ആയുധമാക്കിയാണ് പാർട്ടി കലക്ടറെ നേരിട്ടത്.
അപ്പോഴും ലോക്ഡൗണിനു സമാന നിയന്ത്രണമേർപ്പെടുത്തിയ ഞായറാഴ്ചയിലെ സമ്മേളനംപോലും റദ്ദാക്കാൻ സി.പി.എം നേതൃത്വം ശ്രമിച്ചില്ലെന്നതാണ് ഏറെ ആശ്ചര്യകരം. നിശ്ചയിച്ച പോലെ വെള്ളിയാഴ്ച 185 പ്രതിനിധികളുമായി സമ്മേളനം തുടങ്ങി. മൂന്നുദിവസത്തെ സമ്മേളനം ആഘോഷമാക്കുന്നതിനിടെയാണ് കോടതി ഇടപെടലുണ്ടായത്. ഇതോടെ, നിൽക്കക്കള്ളിയില്ലാതെ സമ്മേളനം പാതിവഴിയിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചു. കോവിഡ് കാലത്ത് സമാനതകളില്ലാത്ത അപമാനം നേരിടേണ്ട അവസ്ഥയിലായി പാർട്ടി ജില്ല നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.