കാസർകോട് ജില്ലയിൽ ഏഴു റേഷൻ കടകള്‍ റദ്ദാക്കും, അഞ്ച് കടകൾക്ക് പിഴ
text_fieldsകാസർകോട്: ജില്ലയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ ഏഴു റേഷൻകടകൾ റദ്ദാക്കാനും അഞ്ചു കടകൾക്ക് പിഴയിടാനും തീരുമാനം. പൊതുവിതരണ മന്ത്രി ജി.ആര്. അനില്‍ പങ്കെടുത്ത റേഷൻകടകളുടെ അദാലത്തിലാണ് തീരുമാനം.
താൽക്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകളുടെ ഫയലുകള്‍ സംബന്ധിച്ച അദാലത്തില്‍ പരിഗണിച്ച 27 ഫയലുകളും തീര്‍പ്പാക്കിയതായി മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അനന്തരാവകാശവുമായി ബന്ധപ്പെട്ട് നാലു കടകള്‍ പുനഃസ്ഥാപിക്കാന്‍ അദാലത്തില്‍ തീരുമാനമായി. അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ ആറ് കടകള്‍ റദ്ദ് ചെയ്യാനും നിര്‍ദേശിച്ചു.
ഒരു റേഷന്‍കട റവന്യൂ റിക്കവറിയിലാണ്. ലൈസന്‍സിയുള്ളയാള്‍ ഗുരുതര രോഗം ബാധിച്ച് കഴിയുന്നതിനാല്‍ സാഹചര്യം പരിഗണിച്ച് പിഴയൊഴിവാക്കി നല്‍കാനും അദാലത്തില്‍ നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു.
റേഷന്‍ കടകള്‍ സംബന്ധിച്ച അദാലത്തുകള്‍ ജനുവരി 14നകം പൂര്‍ത്തിയാക്കും. ഗുണനിലവാരത്തിനൊപ്പം കൃത്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് ലഭ്യമാക്കും. റേഷന്‍ കടകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
കോവിഡ് മൂലം മരണപ്പെട്ട ലൈസന്‍സികളുടെ അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. ഡി. സജിത്ബാബുവും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.