അഴുക്കുചാൽ പൊളിച്ചു; ദ്വാരകനഗറിൽ കിണറുകളിൽ മലിനജലം
text_fieldsകാസർകോട്: ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി അഴുക്കുചാൽ പൊളിച്ചുനീക്കിയതോടെ വീടുകളിലും കിണറുകളിലും മാലിന്യമൊഴുകി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ദ്വാരക നഗറിലെ വീടുകളിലേക്കും കിണറുകളിലേക്കുമാണ് നഗരത്തിലെ മലിന ജലമൊഴുകിയെത്തിയത്. കിണറുകൾ ഉപയോഗശൂന്യമായതോടെ സമീപത്തെ ഹോട്ടൽ തിങ്കളാഴ്ച തുറന്നില്ല.
പുതിയ ബസ് സ്റ്റാൻഡിൽനിന്ന് തുടങ്ങി ദ്വാരക നഗറിലൂടെ കറന്തക്കാട് വഴി പോകുന്ന അഴുക്കുചാലാണ് പൊളിച്ചത്. ദേശീയപാതയുടെ മേൽപാലം നിർമിക്കുന്ന ഭാഗത്താണ് അഴുക്കുചാൽ ഇപ്പോൾ അവസാനിക്കുന്നത്. കോൺക്രീറ്റിൽ നിർമിക്കുന്ന അഴുക്കുചാലിന്റെ പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല.
പഴയ അഴുക്കുചാലും കോൺക്രീറ്റിൽ നിർമിക്കുന്ന പുതിയതും അവസാനിക്കുന്നത് ദ്വാരക നഗറിലാണ്. ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ ഓവുചാൽ നിറയുകയും മലിനജലം ദ്വാരകനഗറിനു സമീപത്തെ കുഴിയിൽ നിറയുകയുമായിരുന്നു.
മിനിറ്റുകൾക്കകം അഴുക്കുചാൽ അവശിഷ്ടങ്ങൾ സമീപത്തെ കിണറുകളിലേക്കും വീടുകളിലേക്കും ഒഴുകി. ദ്വാരക നഗറിലെ രാജശേഖരൻ, വിനോദ് കുമാർ, അശോകൻ എന്നിവരുടെ വീടുകളിലേക്കും കിണറുകളിലേക്കുമാണ് മലിനജലം കയറിയത്. അഴുക്കുചാൽ മൂടിയതിനാൽ വെള്ളം കെട്ടിക്കിടന്ന് സമീപത്തെ പള്ളി ഉൾപ്പെടെയുള്ളിടത്തും കഴിഞ്ഞമാസം മലിനജലം ഒഴുകിയിരുന്നു.
ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി അഴുക്കുചാൽ പൊളിച്ചെങ്കിലും ബദൽ സംവിധാനമൊരുക്കാത്തതാണ് ദുരിതമായത്. വിഷയത്തിൽ അടിയന്തര പരിഹാരം തേടി നാട്ടുകാർ നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നൽകി. ദേശീയപാത കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ എതിർകക്ഷിയാക്കിയാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.