കേന്ദ്ര സർവകലാശാലയിൽ ലൈംഗികാതിക്രമം; അധ്യാപകന് സസ്പെൻഷൻ
text_fieldsകാസർകോട്: ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കേന്ദ്ര സർവകലാശാല അസി. പ്രഫസർക്ക് സസ്പെൻഷൻ.
ഇംഗ്ലീഷും താരതമ്യ വിഭാഗവും വകുപ്പ് അസി. പ്രഫസർ ഡോ. ഇഫ്തികർ അഹമ്മദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് നടപടി. നടപടി കാലയളവിൽ സർവകലാശാല ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്ന് വൈസ് ചാൻസലർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ നവംബർ 13നാണ് പരാതിക്കാധാരമായ സംഭവം.
ക്ലാസിൽ അശ്ലീല കാര്യങ്ങൾ ഉദാഹരിച്ച് ക്ലാസെടുക്കുന്ന അധ്യാപകനെതിരെ നിരന്തരമായി നിലനിന്ന ആരോപണങ്ങൾ നവംബർ 13ന് പി.ജി ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയോട് കാണിച്ച ലൈംഗിക അതിക്രമത്തോടെ പരാതിയിലെത്തുകയായിരുന്നു. ക്ലാസിൽ ബോധരഹിതയായ വിദ്യാർഥിനിക്കുനേരെ ലൈംഗിക താൽപര്യംവെച്ച് പെരുമാറിയെന്നാണ് പരാതിയിലുള്ളത്.
സർവകലാശാലക്ക് അകത്തുള്ള ആശുപത്രിയിൽ ആരോപണ വിധേയൻതന്നെ വിദ്യാർഥിനിയെ എത്തിക്കുകയും അവിടെ പെൺകുട്ടിയോട് സഭ്യേതരമായ നിലയിൽ പെരുമാറിയ അധ്യാപകനെ ആശുപത്രിയിലെ ഡോക്ടർ പുറത്താക്കുകയുമായിരുന്നു. തുടർന്ന് ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്തു.
പെൺകുട്ടിയും സഹപാഠികളും വൈസ് ചാൻസലർക്ക് പരാതി നൽകിയപ്പോൾ പരാതി പൂഴ്ത്തിവെക്കാനും പിൻവലിപ്പിക്കാനും ശ്രമം നടന്നു. 32 ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കുട്ടികൾ നൽകിയ പരാതി പൂഴ്ത്തിവെക്കാൻ ശ്രമം നടന്നപ്പോൾ മാധ്യമം ഓൺലൈനിലാണ് ആദ്യവാർത്ത വന്നത്. തുടർന്ന് വിദ്യാർഥികൾ പ്രക്ഷോഭത്തിനിറങ്ങിയതോടെ സർവകലാശാല അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.