തണൽമരങ്ങൾ വെട്ടിമാറ്റി റോഡ്; കാത്തിരിപ്പുകേന്ദ്രങ്ങൾ വേണമെന്ന് ജനം
text_fieldsകാസർകോട്: ദേശീയപാത നിർമാണത്തിന് തണൽ മരങ്ങൾ വെട്ടിമാറ്റിയതിനാൽ വാഹനങ്ങൾക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് കൊടും വെയിലത്ത്. കഠിനമായചൂട് ബസ് കാത്തിരിക്കുന്നവർക്ക് ദുരിതമാവുകയാണ്.ദേശീയപാതയിലെ ആറുവരിപ്പാത നിർമാണം 80 ശതമാനം പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർതന്നെ സമ്മതിക്കുമ്പോൾ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാർ പറയുന്നത്.
കഴിഞ്ഞമാസം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ ജനങ്ങളുടെ പ്രയാസങ്ങൾ ദൂരീകരിക്കാൻ യു.എൽ.സി.സി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നതാണ്. എന്നാൽ, ഡിസംബർ പകുതി പിന്നിട്ടിട്ടും തുടർനടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിനിടെ, കുമ്പള യു.എൽ.സി.സി ഓഫിസിന് മുൻവശം മാത്രം ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കി അടിയന്തരമായി ബസ് കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കാനും സ്ഥലമുള്ളിടത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.