വടക്കൻ പെരുമയുടെ ഭാരം തൂക്കിനടന്ന ഹമീദ് ഇനി ഓർമ
text_fieldsകാസർകോട്: തേജോമയമായ വടക്കൻ പെരുമയുടെ ഭാരവും തൂക്കി നടന്നിരുന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു തിങ്കളാഴ്ച നിര്യാതനായ ഷാഹുൽ ഹമീദ് കളനാട് എന്ന് ആക്ടിവിസ്റ്റും ഡോക്യൂമെന്ററി സംവിധായകനുമായ എം.എ. റഹ്മാൻ. രണ്ടുമാസം മുമ്പ് ഹമീദ് എന്റെ വീട്ടിൽ വരുമ്പോൾ എനിക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഹമീദിന്റെ ആരോഗ്യ സ്ഥിതിയും മോശമായിരുന്നു. ഉദുമ ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരാണ് ഞങ്ങൾ. എന്റെ ഇടത്ത് ഉദുമയിലെ വിച്ചോർമന്റെ മകൻ സുകുമാരനും വലത്ത് ഹമീദുമായിരുന്നു ഇരിപ്പ്. സുകുമാരൻ നല്ലൊരു ചിത്രകാരനായിരുന്നു. ഡസ്കിലൊക്കെ സുകുമാരൻ കോറിയിടുന്ന മഹാലക്ഷ്മിയുടെയും ഗണപതിയുടെയും ഹനുമാന്റെയും ചിത്രങ്ങളെ ഹമീദും ഞാനും പ്രശംസിക്കാറുണ്ടായിരുന്നു.
എന്തുകൊണ്ടോ ഹമീദിനും സുകുമാരനും പഠനം തുടരാൻ കഴിഞ്ഞില്ല. ഏഴാം ക്ലാസിൽ ദയനീയമായി തോറ്റ ഞാൻ പരാജയത്തോട് പൊരുതിക്കൊണ്ട് ഏഴാം ക്ലാസിൽ രണ്ടുവർഷമിരുന്ന് പഠനം തുടർന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിനെ കാണാൻ ഞാനും ഹമീദും അക്കരെ അസീസിന്റെ കൂടെ പോയിരുന്നു. ബഷീറിന്റെ കൂടെ അന്ന് ഞങ്ങൾ എടുത്ത ഫോട്ടോ അക്കരെ അസീസിന്റെ കൈവശം ഇപ്പോഴുമുണ്ട്. ഹമീദ് ഇഷ്ടപ്പെട്ട പത്രപ്രവർത്തനത്തിൽ കയറി. ഓണം കഴിയുമ്പോഴേക്ക് വടക്കൻ പെരുമയിലേക്ക് ഓണത്തെപ്പറ്റി കുറിപ്പെഴുതാൻ ഹമീദ് ആവശ്യപ്പെട്ടിരുന്നു. കണ്ണിന്റെ പ്രശ്നത്താൽ എനിക്കത് കൊടുക്കാൻ പറ്റിയില്ല. ആശുപത്രിയിൽ അഡ്മിറ്റാകുന്ന വിവരം ഹമീദ് പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഹമീദ് സോഷ്യൽ മീഡിയയിൽ ഇല്ലാതിരുന്നപ്പോൾ ആ അസാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. നമുക്കിടയിൽ നിന്നൊരാൾ പോകുമ്പോൾ ആ ശൂന്യത തിരിച്ചറിയുന്നു. പ്രിയ സുഹൃത്തിന് ആദരാഞ്ജലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.