പുതുമഴയിൽ നിറഞ്ഞൊഴുകി ഷിറിയ
text_fieldsകുമ്പള: മാസങ്ങളോളം വരണ്ടുണങ്ങി മഴക്ക് കാത്തിരുന്ന ഷിറിയ പുഴക്ക് വൈകിയെത്തിയ കാലവർഷത്തിൽ പുതുവസന്തം. ഞായറാഴ്ച ഉച്ചയോടെ മണൽപരപ്പും ഓരവും ഒപ്പിയെടുത്ത് പതഞ്ഞൊഴുകിയെത്തിയ കലക്കുവെള്ളം പുഴയെയും തീരപ്രദേശത്തെയും ഒരുപോലെ കുളിരണിയിച്ചു. കർണാടകയിലെ ആനെഗുണ്ടി മലയിൽ നിന്നാണ് ഷിറിയ പുഴ ഉത്ഭവിക്കുന്നത്. ഏറാമട്ടി, പള്ളത്തടുക്ക എന്നിവയാണ് ഷിറിയയുടെ പോഷക നദികൾ. പഴയ കാലത്ത് നിരവധി തവണ കൊടുംവേനലിൽ നിറയെ വെള്ളവുമായി നാട്ടുകാരെ വിസ്മയിപ്പിച്ചിട്ടുണ്ട് ഷിറിയ നദി.
കർണാടകയുടെ മലയോരങ്ങളിൽ തകർത്തു പെയ്യുന്ന വേനൽമഴയാണ് നിനച്ചിരിക്കാതെ ഷിറിയ പുഴയിൽ കലക്കുവെള്ള വിസ്മയം തീർത്തിരുന്നതെന്ന് നാട്ടുകാർ പറയുന്നു. വെള്ളത്തോടൊപ്പം ഒഴുകിയെത്തിയിരുന്ന തേങ്ങ, അടക്ക, മരങ്ങൾ എന്നിവ ശേഖരിക്കുന്നതിന് തീരദേശത്തെ ആബാലവൃദ്ധം ജനങ്ങൾ മത്സരമായിരുന്നുവത്രേ. ഈ വർഷം ഇത്ര പെട്ടെന്ന് പുഴയിൽ വെള്ളമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷിറിയ തീരങ്ങളിൽ അതിനുമാത്രം മഴ പെയ്തിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. 67 കി.മീറ്ററാണ് ഷിറിയ നദിയുടെ നീളം. കാർഷികരംഗത്ത് കുമ്പടാജെ, ബദിയടുക്ക, എൻമകജെ, പുത്തിഗെ, പൈവളികെ, മംഗൽപാടി, കുമ്പള തുടങ്ങിയ പഞ്ചായത്തുകളെ സമ്പൽ സമൃദ്ധമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന നദിയാണ് ഷിറിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.