ഷൊർണൂർ-കണ്ണൂർ സ്പെഷൽ മെമു മഞ്ചേശ്വരം വരെ നീട്ടണം
text_fieldsകാസർകോട്: മലബാറിന്റെ വാണിജ്യസിരാകേന്ദ്രമായ കോഴിക്കോട്ടേക്ക് രാവിലെ പോയി വൈകീട്ട് തിരിച്ചുവരുന്ന നൂറുകണക്കിനാളുകൾ അത്യുത്തര മലബാറിലുണ്ട്. എന്നാൽ, വൈകീട്ട് അഞ്ചിന് ശേഷം സാധാരണയാത്രക്കാർക്ക് കണ്ണൂരിന് വടക്കോട്ട് അവിടെനിന്ന് വണ്ടിയില്ലാത്തത് ഏറെ ദുരിതമാകുന്നു.
5.15ന്റെ മംഗള എക്സ്പ്രസിലും 6.05ന്റെ നേത്രാവതിയിലും ഓരോ ജനറൽ കമ്പാർട്മെന്റ് മാത്രമേ നിലവിലുള്ളൂ. ഇതിനാൽ യാത്രക്കാർക്ക് കാലുകുത്താൻപോലും ഇടമില്ലാത്ത അവസ്ഥയാണ്. നൂറുകണക്കിന് യാത്രക്കാരാണ് വൈകീട്ട് കോഴിക്കോട് സ്റ്റേഷനിൽ ഇതുമൂലം ദുരിതമനുഭവിക്കുന്നത്.
യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് പുതിയൊരു ട്രെയിൻ അനുവദിച്ചത്. ഷൊർണൂരിൽനിന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പുറപ്പെടുന്ന ഈ 06031 സ്പെഷൽ വണ്ടി കോഴിക്കോട് 5.30ന് എത്തുന്നത് വലിയ ആശ്വാസമായി. പക്ഷേ, കണ്ണൂരിന് വടക്കുള്ളവർ ഇപ്പോഴും യാത്രാദുരിതം പേറുന്നുവെന്നതാണ് വസ്തുത. തെക്കുനിന്ന് വന്ന് കണ്ണൂരിൽ അവസാനിക്കുന്ന ഒമ്പതാമത്തെ ട്രെയിനാണ് ഇപ്പോൾ അനുവദിച്ചുകിട്ടിയ സ്പെഷൽ മെമു ട്രെയിൻ. ഹ്രസ്വ ദൂരയാത്രക്ക് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള കണ്ണൂർ-മംഗളൂരു റൂട്ടിൽ ഒറ്റ പാസഞ്ചർ വണ്ടിയെ ഓടുന്നുള്ളൂ. പേരിനുപോലും ഒരു മെമു വണ്ടിയോ ജനശതാബ്ദിയോ ഓടാത്ത ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തെ ഏക റെയിൽമേഖല കണ്ണൂരിനും മംഗളൂരുവിനും ഇടയിലാണ്.
ഈ പ്രദേശത്തുകാരുടെ യാത്രദുരിതത്തിന് പരിഹാരമായി കൂടുതൽ ഹ്രസ്വദൂര വണ്ടികൾ വേണമെന്നത് ഏറെ കാലത്തെ ആവശ്യമാണ്. പുതുതായി ആരംഭിച്ച 06031 ഷൊർണൂർ-കണ്ണൂർ വണ്ടി പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കോട്ടിക്കുളം, കാസർകോട്, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലേക്കും യാത്ര നീട്ടിയാൽ രാത്രി 8.50ന് മഞ്ചേശ്വരത്തെത്തി അന്ന് രാത്രിതന്നെ 9.20ന് തിരിച്ച് 11ഓടെ കണ്ണൂരിൽ മടങ്ങിയെത്താൻ സാധിക്കും.
മൂന്ന് പ്ലാറ്റ് ഫോമുള്ള മഞ്ചേശ്വരത്ത് ഇതിനുള്ള എല്ലാ സൗകര്യവുമുണ്ട്. മെമു ട്രെയിനായതുകൊണ്ട് എൻജിൻ തിരിക്കേണ്ട ആവശ്യവും വരുന്നില്ല.
ഇതിൽ റെയിൽവേ മന്ത്രിക്കും കാസർകോട് എം.പി, ജില്ലയിലെ എം.എൽ.എമാർ എന്നിവർക്കും കുമ്പള റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിസാർ പെറുവാഡ് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.