വേണം, വടക്കുള്ളവർക്കും വണ്ടി; കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ഹ്രസ്വദൂര ട്രെയിനുകൾ പരിമിതം
text_fieldsകാസർകോട്: കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ഹ്രസ്വദൂര ട്രെയിനുകൾ നന്നേ കുറവ്. മംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് 06478 എന്ന ഒരൊറ്റ ലോക്കൽ പാസഞ്ചർ വണ്ടി മാത്രമേയുള്ളൂ. വടക്കൻ കേരളത്തിലെ ജനങ്ങൾ ബിസിനസ്, വിദ്യാഭ്യാസം, മെഡിക്കൽ മറ്റ് ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന രണ്ടു നഗരങ്ങളാണ് കോഴിക്കോടും മംഗളൂരുവും.
ഈ രണ്ട് സ്ഥലങ്ങളും റെയിൽ വഴി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും നിർഭാഗ്യവശാൽ ദിവസത്തിലെ നിർണായക സമയങ്ങളിൽ ട്രെയിനുകളില്ലെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പറഞ്ഞു. കോഴിക്കോട്ടുനിന്ന് കണ്ണൂരിനപ്പുറം വടക്കോട്ടുള്ള അവസാന പ്രതിദിന ട്രെയിൻ 17.10നാണ്, ആ ട്രെയിനിന് ഒരു ജനറൽ കമ്പാർട്ട്മെന്റ് മാത്രമേയുള്ളൂ താനും. വാഗൺ ട്രാജഡിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അതിലെ ജനറൽ കമ്പാർട്ട്മെന്റ് യാത്ര. മലബാറിന്റെ വാണിജ്യ സാമൂഹിക തലസ്ഥാനമായതിനാൽ നിരവധിയാളുകൾ കോഴിക്കോട്ടേക്ക് നിത്യേന യാത്രചെയ്യുകയും അതേദിവസം വൈകീട്ട് മടങ്ങുകയും ചെയ്യുന്നു.
എന്നാൽ, അത്യധികം സാഹസികമായി 17.10 നുള്ള നേത്രാവതി എക്സ്പ്രസിലെ യാത്ര ഒഴിവാക്കിയാൽ പിന്നെ ആദിവസം സൗകര്യപ്രദമായ ട്രെയിനില്ല. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് റെയിൽവേ ഷൊർണൂരിനും കണ്ണൂരിനുമിടയിൽ (17.35ന് കോഴിക്കോട്ടുനിന്ന് വടക്കോട്ട് എടുക്കുന്ന വിധത്തിൽ) പുതിയ ജോടി ട്രെയിനുകൾ ആരംഭിച്ചു. എന്നാൽ, നിർഭാഗ്യവശാൽ ഈ ട്രെയിനും അതിനുശേഷം ഓടുന്ന മറ്റ് മൂന്ന് ട്രെയിനുകളും കണ്ണൂരിൽ അവസാനിക്കുന്നു. അതിനാൽ പുതുതായി ആരംഭിച്ച 06301 ഷൊർണൂർ-കണ്ണൂർ ട്രെയിൻ മംഗളൂരുവിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാണ്.
മംഗളൂരുവിൽ സ്ഥലപരിമിതിയുണ്ടെങ്കിൽ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ ആവശ്യത്തിന് സ്ഥലമുണ്ട്. കാസർകോട്ടെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉടൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.