കാസർകോട് ജില്ലയിൽ അധ്യാപക ക്ഷാമം രൂക്ഷം; ഹൈസ്കൂളിന് റാങ്ക് പട്ടികയുമില്ല
text_fieldsകാസർകോട്: പുതിയ അധ്യയന വർഷം ഇന്നാരംഭിക്കുമ്പോൾ ജില്ലയിലെ സ്കൂളുകളിൽ അധ്യാപക ക്ഷാമം രൂക്ഷം. പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 500ഓളം ഒഴിവുകൾ ഉണ്ട്. ഇതിൽ എൽ.പി. യു.പി വിഭാഗത്തിൽ റാങ്ക് പട്ടികയുണ്ടെങ്കിലും ഹൈസ്കൂൾ വിഭാഗത്തിൽ ഒരു വിഷയത്തിലും റാങ്ക് പട്ടികയില്ല. ഹയർസെക്കൻഡറിയിൽ ഭൂരിഭാഗം വിഷയങ്ങൾക്കും റാങ്ക് പട്ടികയില്ല.
പ്രൈമറി വിഭാഗത്തിൽ റാങ്ക് പട്ടികയുണ്ട്. എൽ.പി.യു.പി അസിസ്റ്റന്റ് നിയമനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രൈമറിയിൽ നൂറിനടുത്ത് ഒഴിവുകൾ വിരമിച്ചവരാൽ തന്നെയുണ്ട്. തസ്തിക നിർണയം നടത്തിയാലും ഉണ്ടാകും ഇത്രയും അധിക തസ്തികകൾ. കഴിഞ്ഞ മൂന്നു വർഷമായി സ്കൂളുകളിൽ തസ്തിക നിർണയം നടക്കുന്നില്ല.
കഴിഞ്ഞ വർഷം കണക്ക് എടുത്തിരുന്നുവെങ്കിലും തസ്തികൾ നിർണയിച്ചില്ല. താൽക്കാലിക നിയമനത്തിന് എയ്ഡഡ് സ്കൂളുകൾക്ക് ഉൾപ്പടെ നിർദേശം നൽകുകയാണുണ്ടായത്. വൻ സാമ്പത്തിക ബാധ്യത വരുത്താതിരിക്കാനുള്ള വഴികൾ ആലോചിക്കുകയാണ് സർക്കാർ. പുതിയ തസ്തികകൾ നിർണയിച്ചു കഴിഞ്ഞാൽ നിയമനങ്ങൾ വേണ്ടിവരും.
പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതോടെ പരീക്ഷയും റാങ്ക് പട്ടികയും ഉണ്ടാകും. ഇത് സർക്കാറിനെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയായിരിക്കും. ഇപ്പോൾതന്നെ സാമ്പത്തിക ഞെരുക്കത്തിൽ പ്പെട്ടിരിക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിരമിക്കൽ തസ്തികകളിൽ തന്നെ നിയമനം പ്രോത്സാഹിപ്പിക്കുന്നില്ല.
ഹൈസ്കൂൾ ക്ലാസുകളിൽ ഇത്തവണ നടത്തിക്കൊണ്ടിരിക്കുന്ന താൽക്കാലിക നിയമനങ്ങൾ ഈ വർഷം മുഴുവൻ നീളും. പി.എസ്.സി പരീക്ഷകൾ നടത്തി പുതിയ നിയമനത്തിന് ഈ വർഷം പ്രതീക്ഷ വെക്കേണ്ട എന്ന സ്ഥിതിയാണുള്ളത്.
പൊതു വിദ്യാഭ്യാസ മേഖലയിൽ കുട്ടികളുടെ എണ്ണം വർധിച്ചതോടെ കൂടുതൽ തസ്തികകൾ സർക്കാർ സ്കൂളുകളിൽ ഉണ്ടായിട്ടുണ്ട്. അതിൽ സർക്കാർ അഭിമാനിക്കുകയും പ്രചാരണ വിഷയമാക്കുകയും ചെയ്യുന്നുവെങ്കിലും ഇവരെ പഠിപ്പിക്കാനുള്ള അധ്യാപരെ നിയമിക്കുന്ന കാര്യത്തിൽ പിന്നോട്ടാണ്.
സംസ്ഥാനത്ത് തന്നെ എയ്ഡഡ് മേഖലയിൽ 2905ഉം സർക്കാർ മേഖലയിൽ 3080ഉം തസ്തികകൾ അംഗീകരിക്കാനുണ്ട്. ഭിന്നശേഷി വിഭാഗത്തിന് കോടതി വഴി ലഭിച്ച സംവരണാനുകൂല്യം നൽകുന്നതിന്റെ ഭാഗമായാണ് എയ്ഡഡ് മേഖലയിൽ നിയമനം തടസ്സപ്പെടുന്നത് എന്ന് സർക്കാർ പറയുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.