ചോദ്യങ്ങൾക്കുമുന്നിൽ 'ഫ്ലോ' പോകാതെ ഷുക്കൂർ വക്കീൽ
text_fieldsകാസർകോട്: മലയാള സിനിമയിൽ നവാഗതനായി പടികയറി മികവുതെളിയിച്ച അഡ്വ. സി. ഷുക്കൂർ മാധ്യമപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ഓണോഘോഷത്തിൽ 'ഫ്ലോ' പോകാതെ ചലച്ചിത്ര അനുഭവങ്ങൾ പങ്കുവെച്ചു. നടൻ കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിൽ റോഡിലെ കുഴിക്ക് പ്രതിക്കൂട്ടിലാകുന്ന സർക്കാറിന്റെ വക്കാലത്തുമായി മുഴുനീള വില്ലൻ കഥാപാത്രമായി ഷുക്കൂർ വക്കീൽ പ്രേക്ഷക കൈയടി നേടിയിരുന്നു. പ്രസ് ക്ലബ് ഓണാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. കേരളത്തിൽ എല്ലാ ജില്ലകളിലും വക്കീൽമാരും മാധ്യമപ്രവർത്തകരും ഏറ്റുമുട്ടിയപ്പോൾ നല്ല ബന്ധം നിലനിർത്തിയത് താനുൾപ്പെടെയുള്ള അഭിഭാഷകരായിരുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം.
സിനിമ ആദ്യാനുഭവമായിരുന്നു. വക്കീൽ പണിതന്നെയാണ് ഉപജീവന മാർഗം. അതുപേക്ഷിച്ചുകൊണ്ടുള്ള സിനിമാജീവിതം ഇല്ല. വലിയ നടനായെന്നും സെലിബ്രിറ്റിയാണെന്നുമൊക്കെ ചിലരുടെ തോന്നലുകൾ മാത്രമാണ്. ഒരു സിനിമയിൽ ആരംഭിക്കുകയും അതിൽ തന്നെ അവസാനിക്കുകയും ചെയ്തേക്കാം. ഒരു സിനിമയിലെ കഥാപാത്രത്തിനു താൻ പറ്റിയതാണെന്നു അവർക്കു തോന്നി. അടുത്ത സിനിമയിൽ അങ്ങനെ തോന്നണമെന്നില്ല. അതുകൊണ്ട് ഇതൊരു ഭ്രാന്തായി കൊണ്ടുനടക്കാനില്ല. 'ന്നാ താൻ കേസ് കൊട് എന്നത് ഒരു കള്ളനിലൂടെ തെളിയിക്കപ്പെടുന്ന സാമൂഹിക യാഥാർഥ്യമാണ്. അതുകൊണ്ടാണ് അത് വിജയിക്കപ്പെട്ടത്. തങ്ങളെ സ്വീകരിച്ച എല്ലാവരോടും സ്നേഹമുണ്ടെന്നും വക്കീൽ പറഞ്ഞു. കൊച്ചുകുട്ടികൾ വരെ സിനിമയെ സംബന്ധിച്ച ചോദ്യങ്ങളുമായി താരത്തെ നേരിട്ടു. തുടർന്ന് നടന്ന ചടങ്ങിൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ എച്ച്. ഫർസീന, ദിയ രവീന്ദ്രൻ എന്നിവർക്കുള്ള ഉപഹാരവും കാഷ് അവാർഡും കൈമാറി. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ആലൂർ അബ്ദുറഹിമാൻ സംസാരിച്ചു. കെ.വി. പത്മേഷ് സ്വാഗതവും ജി.എൻ. പ്രദീപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.