സിദ്ദിഖ് വധം: അന്വേഷണം ഊര്‍ജിതമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദേശത്തുനിന്ന് തിരികെ എത്തിയ കാസർകോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സംഭവത്തിൽ ആറു പ്രതികൾ റിമാന്റിലാണെന്നും മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി. ഇവരുടെ അറസ്റ്റിന് നടപടി ഊര്ജിതപ്പെടുത്തിയിട്ടുണ്ടെന്നും നിയമസഭയിൽ സി.എച്ച്. കുഞ്ഞമ്പുവിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി. അബൂബക്കര്‍ സിദ്ദിഖിന് പ്രതികളില്‍ ചിലരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും ഇതു സംബന്ധിച്ച തകര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അറിവായിട്ടുണ്ട്.
പൈവളിഗയില്‍ നിന്ന് ഈയിടെ രണ്ടുപേരെ തട്ടിക്കൊണ്ടുപോയി അന്യായ തടങ്കലില്‍ പാര്‍പ്പിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചശേഷം ഉപേക്ഷിച്ച മറ്റൊരു സംഭവം കാസര്‍ഗോഡ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരികയാണ്. ജില്ലയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് ശക്തമായ നടപടി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജില്ലയിലെ വടക്കന്‍ മേഖലയില്‍ മദ്യ-മയക്കുമരുന്ന്-ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയാൻ കര്‍ശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ മജിസ്റ്റീരിയല്‍തല നടപടികളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കാപ്പ നിയമപ്രകാരവും നടപടി സ്വീകരിച്ചുവരുന്നു. ജില്ല മജിസ്ട്രേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 19 പേര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവില്‍ 16 പേര് കരുതല്‍ തടങ്കലിലാണ്. ആറു പേര്‍ക്കെതിരെ നാടുകടത്തല്‍ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി ഇക്കൊല്ലം 500 കേസിലായി 597 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.