സിൽവർ ലൈൻ: 62 കിലോമീറ്ററിലായി നാട്ടുന്നത് 1783 കല്ലുകൾ
text_fieldsസിൽവർ ലൈൻ: 62 കിലോമീറ്ററിലായി നാട്ടുന്നത് 1783 കല്ലുകൾ
കാസർകോട്: കടുത്ത എതിർപ്പുകൾ അവഗണിച്ച് സിൽവർ ലൈൻ പദ്ധതിയുമായി കെ-റെയിൽ അധികൃതർ മുന്നോട്ട്. പദ്ധതിക്കായി ജില്ലയിൽ കല്ല് നാട്ടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 62 കിലോമീറ്ററിലായി 106.20 ഹെക്ടര് ഭൂമിയാണ് ജില്ലയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. കല്ലുകൾ സ്ഥാപിക്കൽ പൂർത്തിയാവുന്നതോടെ സാമൂഹികാഘാത പഠനം നടത്തുകയാണ് അടുത്തപടി.
കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിലൂടെയാണ് നിർദിഷ്ട പാത കടന്നുപോകുന്നത്. 1783 കല്ലുകളാണ് ജില്ലയിൽ ആകെ സ്ഥാപിക്കേണ്ടത്. 20 മുതൽ നൂറ് മീറ്റർ വരെയാണ് ഓരോ കല്ലുകളും തമ്മിലെ അകലം. ജില്ലയിൽ ഏകദേശം റെയിൽവേ ലൈനിനു സമാന്തരമായാണ് പദ്ധതി വരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സംരക്ഷണവും കല്ലിടൽ പ്രവൃത്തിക്കുണ്ട്. എന്ത് എതിർപ്പുണ്ടായാലും പ്രവൃത്തി നിർത്തിവെക്കേണ്ടെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദേശം. ജില്ലയിൽ ചെറുവത്തൂർ വില്ലേജിലാണ് കല്ലിടൽ തുടങ്ങിയത്.
കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഹോസ്ദുർഗ് താലൂക്കിൽ അജാനൂർ, ചെറുവത്തൂർ, ഹോസ്ദുർഗ്, കാഞ്ഞങ്ങാട്, കോട്ടിക്കുളം, മണിയാട്ട്, നീലേശ്വരം, പള്ളിക്കര, പേരോൽ, പിലിക്കോട്, തൃക്കരിപ്പൂർ നോർത്ത്, തൃക്കരിപ്പൂർ സൗത്ത്, ഉദിനൂർ, ഉദുമ, കാസർകോട് താലൂക്കിൽ കളനാട്, കുഡ്ലു, തളങ്കര എന്നീ വില്ലേജുകളിലാണ് ഭൂമി ഏറ്റെടുക്കേണ്ടത്. സ്പെഷൽ തഹസിൽദാർമാരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. കല്ലിടൽ പ്രവൃത്തിക്കു പിന്നാലെ സാമൂഹികാഘാത പഠനം നടത്തും. റവന്യൂ വകുപ്പാണ് പഠനം നടത്തുക. ഭൂമി ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ഏതൊക്കെ കുടുംബങ്ങളെയാണ് ബാധിക്കുക, നഷ്ടം വരുന്ന വീടുകളുടെ എണ്ണം, കെട്ടിടങ്ങൾ, പരിഹാര മാർഗങ്ങൾ തുടങ്ങിയ വിവരങ്ങളാണ് സാമൂഹിക ആഘാത പഠനത്തിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.