ഇവിടെയാണ് സിൽവർ ലൈൻ തുടക്കം, സർവ ദുരിതങ്ങളുടേയും
text_fieldsകാസർകോട്: കാസർകോടിന്‍റെ പേര് പരാമർശിക്കാതെ എന്ത് സിൽവർ ലൈൻ. കാസർകോട്ടുകാർക്ക് തിരുവനന്തപുരത്തേക്ക് അതിവേഗം കുതിക്കാനാണല്ലോ സർക്കാറിന്‍റെ ഈ പെടാപ്പാടെല്ലാം. എന്നാൽ, പാത തുടങ്ങുന്നിടത്തുനിന്നുതന്നെ പദ്ധതിവഴിയുള്ള ദുരിതവും ആരംഭിക്കുന്നു.
കാസർകോട് മണ്ഡലത്തിലെ നെല്ലിക്കുന്ന് ഭാഗത്തുനിന്നാണ് പാതയുടെ തുടക്കം. തലസ്ഥാന നഗരിയിൽനിന്ന് പറഞ്ഞാൽ കാസർകോട് റെയിൽവേ സ്റ്റേഷനും കടന്ന് ഏകദേശം ഒന്നര കി.മീ കഴിഞ്ഞാണ് ഈ പ്രദേശം. സിൽവർ ലൈനിന്‍റെ സ്റ്റേഷൻ കാസർകോട് റെയിൽവേ സ്റ്റേഷന്‍റെ പടിഞ്ഞാറ് കുണ്ടിൽ പ്രദേശത്ത്. ഇവിടെയാണ് യാത്ര അവസാനിക്കുക. വണ്ടി നിർത്തിയിടാനും അറ്റകുറ്റപ്പണി നടത്താനുമുള്ള യാർഡ് എത്താൻ ഒന്നര കിലോമീറ്ററോളം പിന്നെയും സഞ്ചരിക്കണം. നെല്ലിക്കുന്നും കടന്ന് അടുക്കത്ത്ബയൽ വില്ലേജിലെ ചേരൈങ്ക എന്ന സ്ഥലത്താണ് യാർഡ് പദ്ധതിപ്രദേശം. 10 മുതൽ 15വരെ ട്രാക്കുകൾ ഇവിടെയുണ്ടാകുമെന്നാണ് നിഗമനം. ഏകദേശം 40 ഏക്കറിലധികം ഭൂമി യാർഡിനായി ഏറ്റെടുക്കണം.
അടുക്കത്ത്ബയൽ, കാസർകോട്, തളങ്കര വില്ലേജുകളിലായി നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും രാജ്യത്തെ തന്നെ ആദ്യകാല പള്ളികളിലൊന്നായ മാലിക് ദീനാറിന്‍റെ ഖബർസ്ഥാനും തൊട്ടടുത്തെ ക്ഷേത്രക്കുളവുമെല്ലാം ഇല്ലാതായെങ്കിലേ പദ്ധതി നടപ്പിലാവൂ. ബഫർസോൺകൂടി കണക്കാക്കുമ്പോൾ കാസർകോട് നഗരത്തിനോട് ചേർന്നുകിടക്കുന്ന നെല്ലിക്കുന്ന് പ്രദേശം നെടുകെ പിളരും. ഈ ഭാഗത്ത് കല്ലിടൽ പ്രവൃത്തിയൊന്നും തുടങ്ങിയിട്ടില്ല. ഏതുനിമിഷവും ഉദ്യോഗസ്ഥർ എത്തുമെന്ന നിലക്കാണ് കെ-റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ.
മാലിക് ദീനാർ പള്ളിക്ക് സംഭവിക്കുന്നത്
രാജ്യത്തെ പത്ത് പൗരാണിക പള്ളികളിലൊന്നാണ് തളങ്കരയിലെ മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി. ഇന്ത്യയിൽ മതപ്രചാരണത്തിന് എത്തിയ മാലിക് ബിൻ ദീനാറും സംഘവും എ.ഡി 603ൽ നിർമിച്ചതാണിത്. പള്ളിക്കു മുന്നിലെ ഖബർസ്ഥാനും യതീംഖാനയും പാതക്കായി ഏറ്റെടുക്കേണ്ടി വരും. യതീംഖാനക്കു പുറമെ ബദർ മസ്ജിദും ദഖീറത്ത് ഹയർസെക്കൻഡറി സ്കൂൾ കെട്ടിടവും പൊളിക്കേണ്ടിവരും.
അതിനാൽ, രൂപരേഖയിൽ മാറ്റം വരുത്തണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം. തളങ്കര പടിഞ്ഞാർ ഭാഗത്ത് തീരദേശ റോഡിനോട് ചേർന്നുള്ള ജനവാസകേന്ദ്രം കുറഞ്ഞ സ്ഥലം പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കണമെന്നും കമ്മിറ്റി ഭാരവാഹികൾ മുന്നോട്ടുവെക്കുന്നു. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കമ്മിറ്റി കത്ത് നൽകി.
തളങ്കരയിലെ 21 മഹല്ലുകളുടെ ഖബർസ്ഥാൻ കൂടിയാണ് മാലിക് ദീനാറിലേത്. അതിനാൽ, ഖബർസ്ഥാൻ നഷ്ടപ്പെടുമോയെന്നത് വൈകാരികമായാണ് മഹല്ല് നിവാസികൾ കാണുന്നതെന്ന് കമ്മിറ്റി സെക്രട്ടറി കെ.എം. അബ്ദുൽ ഖാദർ പറഞ്ഞു.
ഇല്ലാതാവുക ക്ഷേത്രക്കുളവും
കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിലെ കുണ്ടിൽ പ്രദേശത്തെ ഏക്കർകണക്കിന് ഭൂമിയിലാണ് കെ-റെയിൽ സ്റ്റേഷൻ സ്ഥാപിക്കുക. പൂർണമായും ജനവാസകേന്ദ്രമാണിത്. വീടുകളും ആരാധനാലയങ്ങളുമെല്ലാം തിങ്ങിനിറഞ്ഞ സ്ഥലം.
തൊട്ടടുത്ത് റെയിൽവേയുടെ ഭൂമിയുണ്ടെങ്കിലും അതൊന്നും കിട്ടില്ലെന്ന് കെ-റെയിൽ കോർപഷേന് അറിയാം. അതിനാൽ സാധാരണക്കാരുടെ വീടും കിടപ്പാടവും തന്നെയാണ് ഏറ്റെടുക്കേണ്ടിവരുക. തൊട്ടടുത്ത് പതിറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ വരദരാജ വെങ്കട്ടരാമണ ക്ഷേത്രത്തിന്‍റെ കുളവും പരിസരവും നഷ്ടപ്പെടുമെന്നാണ് ആശങ്ക. ഇതിനോട് ചേർന്നുള്ള മുനിസിപ്പൽ പാർക്കിന്‍റെ നല്ലൊരു ശതമാനവും പദ്ധതിക്കായി ഏറ്റെടുക്കും.
യാർഡിനായി നെൽവയലും നീർത്തടവും നികത്തണം
തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് പദ്ധതിപ്രകാരമുള്ള യാത്രദൂരം. കെ-റെയിൽ സ്റ്റേഷൻ പിന്നിട്ടശേഷമാണ് യാർഡ് സ്ഥാപിക്കുന്നത്. അടുക്കത്ത്ബയൽ ചേരൈങ്ക പ്രദേശത്തെ 40ഓളം വയൽപ്രദേശമാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഈവർഷവും നെൽകൃഷി നടത്തിയ വയലും ഏറ്റെടുക്കുന്നതിലുൾപ്പെടും.
വണ്ടികൾ നിർത്തിയിടാനും അറ്റകുറ്റപ്പണി നടത്താനുമൊക്കെ ലക്ഷ്യമിട്ടാണ് യാർഡ്. നീർത്തടപ്രദേശമായതിനാൽ ഇവിടെ വേനലിലും വെള്ളം ലഭ്യമാണ്. ബഫർ സോൺ കൂടി നടപ്പാവുമ്പോൾ യാർഡിനോട് ചേർന്നുള്ള വീട്ടുകാർക്കും ആശങ്കയുണ്ട്.
ഈ വീടുകൾ വിൽപനക്കുള്ളതല്ല
ചെറിയ പെരുന്നാൾ കഴിഞ്ഞ് കുടിയിരിക്കൽ ചടങ്ങ് നടത്തണമെന്നാണ് നെല്ലിക്കുന്ന് കടപ്പുറം ബ്രിഡ്ജിനു സമീപത്തെ സി.എം. അഷ്റഫിന്‍റെ ലക്ഷ്യം. ഇതിനായി തിരക്കുപിടിച്ച ജോലികളാണ് നടക്കുന്നത്. പെയ്ന്‍റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി അതിവേഗത്തിൽ പുരോഗമിക്കുന്നു. പ്രവാസജീവിതം നയിക്കുന്ന അഷ്റഫ് നാലുവർഷം മുമ്പാണ് വീടുനിർമാണം തുടങ്ങിയത്. ആയുഷ്കാലം താമസിക്കാനുള്ളതെന്ന നിലക്ക് എല്ലാ സമ്പാദ്യവും കൂട്ടിയാണ് വീടെന്ന സ്വപ്നം ഒരുക്കുന്നത്. അപ്പോഴാണറിയുന്നത് സിൽവർ ലൈൻ ഇതുവഴിയാണ് പോകുന്നതെന്ന്. പദ്ധതി വന്നാൽ വീടുണ്ടാവില്ലെന്നർഥം. കുറച്ചുകാലം പ്രവൃത്തി നിർത്തിവെച്ചു. ഇപ്പോ രണ്ടും കൽപിച്ച് പ്രവൃത്തി നടത്തുന്നു. വീട് പോവുമോ ഇല്ലയോ എന്നൊരുറപ്പുമില്ലാതെ.
തൊട്ടടുത്തുള്ള അനേകം വീടുകൾ ഇല്ലാതാവും. നെല്ലിക്കുന്ന് മുഹ്യുദ്ദീൻ പള്ളിയുടെ ഗേറ്റിനോട് ചേർന്നാണ് ബി.കെ. സമീറിന്‍റെ വീടുനിർമാണം. മാൾബിൾ പതിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. വീടിനോട് ചേർന്നാണ് പാത കടന്നുപോകുന്നത്. ബഫർ സോൺകൂടിയായാൽ വീട് നഷ്ടപ്പെടും. തൊട്ടടുത്താണ് 90 ശതമാനം പണിയും പൂർത്തീകരിച്ച നസീമയുടെ വീട്. ഏതാനും മിനുക്കുപണികൾ മാത്രം ബാക്കിയാക്കി ഇവർ താമസം തുടങ്ങിക്കഴിഞ്ഞു. അപ്പോഴാണ് കേരളം കുതിക്കുന്നത് ഈവഴിയാണെന്ന വിവരമറിയുന്നത്. പദ്ധതിക്കായി ഇവരുടെ സ്വപ്നഭവനമാണ് ഇല്ലാതാവുക. നെല്ലിക്കുന്ന് പ്രദേശത്ത് ഇങ്ങനെ നൂറുകണക്കിന് വീടുകളാണ് നഷ്ടപ്പെടുക.
പദ്ധതിപ്രഖ്യാപനം ഭൂമി വാങ്ങിയവരെയും വിറ്റവരെയും പ്രയാസത്തിലാക്കി. പള്ളത്ത് സാബിർ ആസാദ് വീട് നിർമിക്കാൻ വാങ്ങിയത് 65 സെന്‍റ് ഭൂമിയാണ്. എന്തിന് ഇനി വീട് നിർമിക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ചോദ്യം. തൊട്ടടുത്ത് അഷ്റഫിന്‍റെ 30 സെന്‍റ് വിൽക്കാൻ തീരുമാനിച്ചതാണ്. മുൻകൂർ പണവും വാങ്ങി. സിൽവർലൈൻ വരുന്നുവെന്ന് കേട്ടതോടെ സ്ഥലം വാങ്ങിയവർ കച്ചവടമൊഴിഞ്ഞു. മുൻകൂർ പണവും തിരിച്ചുനൽകി. അത്യാവശ്യകാര്യത്തിന് സ്ഥലം വിൽക്കാൻ കഴിയാതെ ഒട്ടേറെ പേരാണ് പ്രയാസത്തിലായത്.
സർവേ നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകൾക്കുമുമ്പ് കലക്ടറേറ്റിൽ യോഗം നടന്നിരുന്നു. വ്യക്തമായ മറുപടിപോലും ഉദ്യോഗസ്ഥർക്ക് നൽകാനില്ലെന്ന് കാസർകോട് നഗരസഭ കെ-റെയിൽ വിരുദ്ധ സമിതി ചെയർമാൻ കെ.എം. അബ്ദുറഹ്മാൻ പറഞ്ഞു. പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.