സിൽവർ ലൈൻ പോകുന്നത് ഇതുവഴി; നെഞ്ചിൽ തീയുമായി ഈ വീട്ടുകാർ
text_fieldsകാസർകോട്: ചെറിയ പെരുന്നാൾ കഴിഞ്ഞ് കുടിയിരിക്കൽ ചടങ്ങ് നടത്തണമെന്നാണ് കാസർകോട് നെല്ലിക്കുന്ന് കടപ്പുറം ബ്രിഡ്ജിനു സമീപത്തെ സി.എം. അഷ്റഫിന്‍റെ ലക്ഷ്യം. ഇതിനായി തിരക്കുപിടിച്ച ജോലികളാണ് നടക്കുന്നത്. പെയ്ന്‍റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി അതിവേഗത്തിൽ പുരോഗമിക്കുന്നു.പ്രവാസജീവിതം നയിക്കുന്ന അഷ്റഫ് നാലുവർഷം മുമ്പാണ് വീടുനിർമാണം തുടങ്ങിയത്. ആയുഷ്കാലം താമസിക്കാനുള്ളതെന്ന നിലക്ക് എല്ലാ സമ്പാദ്യവും കൂട്ടിയാണ് വീടെന്ന സ്വപ്നം ഒരുക്കുന്നത്. അപ്പോഴാണറിയുന്നത് സിൽവർ ലൈൻ ഇതുവഴിയാണ് പോകുന്നതെന്ന്. പദ്ധതി വന്നാൽ വീടുണ്ടാവില്ലെന്നർഥം.
കുറച്ചുകാലം പ്രവൃത്തി നിർത്തിവെച്ചു. ഇപ്പോ രണ്ടും കൽപിച്ച് പ്രവൃത്തി നടത്തുന്നു. വീട് പോവുമോ ഇല്ലയോ എന്നൊരുറപ്പുമില്ലാതെ. തൊട്ടടുത്തുള്ള അനേകം വീടുകൾ ഇല്ലാതാവും. നെല്ലിക്കുന്ന് മുഹ്യുദ്ദീൻ പള്ളിയുടെ ഗേറ്റിനോട് ചേർന്നാണ് ബി.കെ. സമീറിന്‍റെ വീടുനിർമാണം. മാൾബിൾ പതിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. വീടിനോട് ചേർന്നാണ് പാത കടന്നുപോകുന്നത്. ബഫർ സോൺകൂടിയായാൽ വീട് നഷ്ടപ്പെടും.
തൊട്ടടുത്താണ് 90 ശതമാനം പണിയും പൂർത്തീകരിച്ച നസീമയുടെ വീട്. ഏതാനും മിനുക്കുപണികൾ മാത്രം ബാക്കിയാക്കി ഇവർ താമസം തുടങ്ങിക്കഴിഞ്ഞു. അപ്പോഴാണ് കേരളം കുതിക്കുന്നത് ഈവഴിയാണെന്ന വിവരമറിയുന്നത്. പദ്ധതിക്കായി ഇവരുടെ സ്വപ്നഭവനമാണ് ഇല്ലാതാവുക. നെല്ലിക്കുന്ന് പ്രദേശത്ത് ഇങ്ങനെ നൂറുകണക്കിന് വീടുകളാണ് നഷ്ടപ്പെടുക.
പദ്ധതിപ്രഖ്യാപനം ഭൂമി വാങ്ങിയവരെയും വിറ്റവരെയും പ്രയാസത്തിലാക്കി. പള്ളത്ത് സാബിർ ആസാദ് വീട് നിർമിക്കാൻ വാങ്ങിയത് 65 സെന്‍റ് ഭൂമിയാണ്. എന്തിന് ഇനി വീട് നിർമിക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ചോദ്യം. തൊട്ടടുത്ത് അഷ്റഫിന്‍റെ 30 സെന്‍റ് വിൽക്കാൻ തീരുമാനിച്ചതാണ്. മുൻകൂർ പണവും വാങ്ങി. സിൽവർലൈൻ വരുന്നുവെന്ന് കേട്ടതോടെ സ്ഥലം വാങ്ങിയവർ കച്ചവടമൊഴിഞ്ഞു. മുൻകൂർ പണവും തിരിച്ചുനൽകി. അത്യാവശ്യകാര്യത്തിന് സ്ഥലം വിൽക്കാൻ കഴിയാതെ ഒട്ടേറെ പേരാണ് പ്രയാസത്തിലായത്.
സർവേ നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകൾക്കുമുമ്പ് കലക്ടറേറ്റിൽ യോഗം നടന്നിരുന്നു. വ്യക്തമായ മറുപടിപോലും ഉദ്യോഗസ്ഥർക്ക് നൽകാനില്ലെന്ന് കാസർകോട് നഗരസഭ കെ-റെയിൽ വിരുദ്ധ സമിതി ചെയർമാൻ കെ.എം. അബ്ദുറഹ്മാൻ പറഞ്ഞു. പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.